Connect with us

Kerala

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: നടപടി വേണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളടക്കമുള്ള സംഘത്തെ ഉപദ്രവിച്ചത്. രാജ്യത്തിന്റെ പ്രതിഛായക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണിത്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണം. സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘ്പരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

 

Latest