Editorial
സംവരണ തസ്തികകള്‍ ഇനി എന്ന് നികത്തും?

സാമൂഹിക നീതിക്കായുള്ള ഭരണഘടനാപരമായ അവകാശമാണ് സംവരണം. സാമൂഹിക കാരണങ്ങളാല്‍ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളെ മറ്റുള്ളവരോടൊപ്പമെത്തിക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യം ഏഴ് പതിറ്റാണ്ടിലേറെ കടന്നുപോയിട്ടും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനായിട്ടില്ല. അവശ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണകൂട സംവിധാനങ്ങളില്‍ ഇന്നും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയതു കൊണ്ടായില്ല, സംവരണ തസ്തികകളില്‍ യഥാവിധി നിയമനം നടന്നെങ്കിലേ ഇത് സാധ്യമാകൂ. ഒഴിവുകളുണ്ടായിട്ടും നിയമനങ്ങള്‍ മനഃപൂര്‍വം താമസിപ്പിച്ച് പിന്നാക്ക സമുദായങ്ങളുടെയും കീഴാള വര്‍ഗത്തിന്റെയും മുന്നേറ്റം തടയുന്ന സമീപനമാണ് പലപ്പോഴും ഭരണവര്‍ഗത്തില്‍ നിന്ന് കണ്ടുവരുന്നത്. സംവരണ തസ്തികകളുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിന്റെ പേഴ്‌സനല്‍ ആന്‍ഡ് ലോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം സഭ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.
ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി സംവരണം ചെയ്യപ്പെട്ട തസ്തികകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളില്‍ വന്‍തോതില്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 50 ശതമാനത്തോളം വരും പത്ത് മന്ത്രാലയങ്ങളിലെ നികത്തപ്പെടാത്ത സംവരണ തസ്തികകള്‍. റെയില്‍വേയിലെ 29,541 ഒ ബി സി, എസ് സി, എസ് ടി സംവരണ തസ്തികകളില്‍ 17,769 എണ്ണവും നികത്തിയിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മേഖലകളിലെ സംവരണ തസ്തികകള്‍ 30,943 ആണ്. ഇതില്‍ 17,493 എണ്ണം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റവന്യൂ വകുപ്പില്‍ 70 ശതമാനത്തോളം നികത്തപ്പെടാനുണ്ട്. ഒഴിവുകള്‍ നികത്തുന്നില്ലെന്നു മാത്രമല്ല, സംവരണ തസ്തികകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കൈമാറുന്നു പോലുമില്ല പല മന്ത്രാലയങ്ങളും. രാജ്യത്തെ 90 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും 16 മന്ത്രാലയങ്ങള്‍ക്ക് കീഴിലായാണ് ജോലി ചെയ്യുന്നത്. ഇതില്‍ 10 മന്ത്രാലയങ്ങള്‍ മാത്രമാണ് സംവരണ തസ്തികകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കൈമാറിയത്. മറ്റു മന്ത്രാലയങ്ങളുടെ നിരുത്തരവാദപരമായ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എന്തുകൊണ്ടാണ് കൃത്യസമയങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പോകുന്നതെന്ന് കണ്ടെത്താന്‍ പേഴ്‌സനല്‍ ആന്‍ഡ് ട്രൈനിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍വകലാശാലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ ബി സിക്കാര്‍ക്ക് സംവരണം ചെയ്ത 52 ശതമാനവും പട്ടിക ജാതിക്കാരുടെ 38 ശതമാനവും പട്ടിക വര്‍ഗക്കാരുടെ 43 ശതമാനവും അധ്യാപക തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ വാരത്തില്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സില്‍ ഒ ബി സിക്കാര്‍ക്കുള്ള 90 ശതമാനവും ഐ ഐ എമ്മുകളില്‍ 63 ശതമാനവും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രൊഫസര്‍ തസ്തികകളാണ് ഇവയില്‍ കൂടുതലും. ഒ ബി സിക്കാര്‍ക്കുള്ള സംവരണ വിഭാഗത്തിലെ 378 പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടന്നത് അഞ്ച് ശതമാനത്തില്‍ മാത്രം. പട്ടിക ജാതിക്കാര്‍ക്കുള്ള 137 തസ്തികകളില്‍ ഒമ്പത് പേര്‍ക്കും പട്ടിക വര്‍ഗക്കാരുടെ 1,062 തസ്തികകളില്‍ ഒരു ശതമാനത്തിനുമാണ് നിയമനം. കേന്ദ്ര വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അധ്യാപക സംവരണത്തിനുള്ള 2019ലെ നിയമപ്രകാരം, സംവരണ തത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ തടഞ്ഞുവെക്കാവുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനം ഉടന്‍ നടത്തണമെന്ന് യു ജി സി ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല.
പിന്നാക്ക സമുദായങ്ങളുടെയും കീഴാള വിഭാഗങ്ങളുടെയും മുന്നേറ്റവും ഭരണകൂട സംവിധാനങ്ങളിലേക്കുള്ള കടന്നുവരവും ഇഷ്ടപ്പെടാത്ത ഒരു വിഭാഗമുണ്ട് രാജ്യത്ത്. സംവരണ വിഭാഗങ്ങളെ എന്നും തങ്ങളുടെ കീഴില്‍ നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ വളരെ മുന്നേ തുടങ്ങിയിട്ടുണ്ട് സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍. ജനറല്‍ തസ്തികകളില്‍ ഒഴിവു വന്നാല്‍ ഏറെ താമസിയാതെ നികത്തപ്പെടുമ്പോള്‍, സംവരണ തസ്തികകള്‍ നികത്തപ്പെടാതെ മാറ്റിനിര്‍ത്തുന്നതും സാമ്പത്തിക സംവരണ സിദ്ധാന്തവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ സംവരണ തത്വത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന സാമ്പത്തിക സംവരണമെന്ന വാദം കൊണ്ടുവന്നത് സാമുദായി സംവരണത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരാണെന്നത് ശ്രദ്ധേയമത്രെ.
കേവലം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്ന നിലയിലല്ല, ജനസംഖ്യാനുപാതികമായ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് ഭരണഘടനാ ശില്‍പ്പികള്‍ സാമുദായിക ജാതി സംവരണം കൊണ്ടുവന്നത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും നടപ്പാകണമെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. സാമുദായിക സംവരണത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. ആരുടെയും സൗജന്യമല്ല, മറിച്ച് ദേശീയമായ ഒരു കടം വീട്ടലാണ് സംവരണമെന്നാണ് ഭരണഘടനാ ശില്‍പ്പി അംബേദ്കര്‍ പറഞ്ഞത്. 1919ലെ ഇന്ത്യന്‍ ആക്ട് പുനഃപരിശോധിക്കാന്‍ 1928 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ സൈമണ്‍ കമ്മീഷന് മുമ്പാകെ സംവരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും അംബേദ്കറായിരുന്നു. എല്ലാ വിഭാഗങ്ങളും ഒന്നിച്ചു മുന്നേറുന്ന ഒരു രാഷ്ട്രമെന്ന അംബേദ്കറുടെയും ആദ്യകാല രാഷ്ട്ര നേതാക്കളുടെയും സ്വപ്‌നം പൂവണിയണമെങ്കില്‍ സംവരണ തസ്തികകളിലെ നിയമനം യഥാവിധി നടപ്പാക്കുക തന്നെ വേണം. പ്രത്യേക റിക്രൂട്ട്‌മെന്റുകള്‍ വഴി ഒഴിവുകള്‍ നികത്താന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും പേഴ്‌സനല്‍ ആന്‍ഡ് ട്രൈനിംഗ് വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മിക്ക വകുപ്പുകളുടെയും കുഞ്ചിക സ്ഥാനത്തിരിക്കുന്നത് ജാതി, സാമുദായിക സംവരണ വിരുദ്ധരായതിനാല്‍ സംവരണ തസ്തികകള്‍ അത്രവേഗത്തില്‍ നികത്തപ്പെടുക പ്രയാസമാണ്.