അറബിക് കോളജുകൾ നിർത്തലാക്കൽ; കാലിക്കറ്റ് സർവകലാശാല വീണ്ടും ഗവർണറെ സമീപിക്കും

Posted on: March 21, 2021 10:35 am | Last updated: March 21, 2021 at 10:35 am

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാലാ അറബിക് കോളജുകൾ നിർത്തലാക്കുന്നുവെന്ന ആരോപണത്തെ തുടർന്നുള്ള വിവാദത്തിനിടെ നിർണായക തീരുമാനവുമായി സിൻഡിക്കേറ്റ്. പുതിയ അറബിക് കോളജുകളും കോഴ്‌സുകളും അനുവദിച്ചുള്ള 2014 ലെ സർവകലാശാല തീരുമാനത്തിന് മുൻകാല പ്രാബല്യം ലഭിക്കുന്നതിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സർവകലാശാലാ ചാൻസലറായ ഗവർണറെ സമീപിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

2013-14 കാലത്ത് യു ഡി എഫ് സർക്കാർ ആർട്സ് ആൻഡ് സയൻസിലെ ചില കോഴ്സുകൾ അറബിക് കോളജുകൾക്കും അനുവദിച്ചിരുന്നു. ഇത് നിയമാനുസൃതമാക്കാൻ അന്നത്തെ സിൻഡിക്കേറ്റിനും സെനറ്റിനും കഴിഞ്ഞിരുന്നില്ല. നിയമപ്രകാരം ഓറിയന്റൽ കോളജുകൾക്ക് മൂന്നേക്കർ സ്ഥലം മതി. മറ്റുള്ളവക്ക് അഞ്ചേക്കറും. പുതിയ കോഴ്സുകൾ അനുവദിച്ചപ്പോൾ ഈ നിയമത്തിൽ ഭേദഗതി വരുത്തിയില്ല.

പിന്നീട് മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് അന്നത്തെ സിൻഡിക്കേറ്റും സെനറ്റും തീരുമാനിച്ചു. ഭേദഗതിക്ക് അംഗീകാരം തേടി 2015 മാർച്ച് ആറിന് ചാൻസലർക്ക് അപേക്ഷ നൽകി. ഇത് തള്ളി പുതിയ അപേക്ഷ സമർപ്പിക്കാൻ ചാൻസലർ ആവശ്യപ്പെട്ടപ്പോഴാണ് വിവാദമുണ്ടായത്. മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് അന്നത്തെ സിൻഡിക്കേറ്റും സെനറ്റും നേരത്തേ തീരുമാനിച്ചത് സംബന്ധിച്ച രേഖകൾ സഹിതം ഗവർണർക്ക് വീണ്ടും അപേക്ഷ നൽകാനും സർക്കാറിനെയും ചാൻസലറെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് സിൻഡിക്കേറ്റ് തീരുമാനം.