National
വെള്ളം കുടിക്കാന്‍ അമ്പലത്തില്‍ കയറിയ മുസ്ലിം കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഗാസിയാബാദ് | വെള്ളം കുടിക്കുന്നതിന് അമ്പലത്തില്‍ കയറിയ മുസ്ലിം ബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
“രണ്ട് കവിളുകളും കാണണം” എന്ന് കുട്ടിയെ പിടിച്ചുവെച്ച് ഒരാള്‍ പറയുന്നതാണ് വീഡിയോ ആരംഭിക്കുമ്പോഴുള്ളത്. കുട്ടിയുടെയും പിതാവിന്റെയും പേര് ചോദിച്ച് മുസ്ലിം ആണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അമ്പലത്തില്‍ എന്താണ് ചെയ്തതെന്ന ചോദ്യത്തിന് വെള്ളം കുടിക്കാന്‍ വന്നതാണെന്ന് കുട്ടി പറയുന്നു.
ഇതുകേട്ടതും ഇയാള്‍ കുട്ടിയെ അടിക്കാന്‍ തുടങ്ങി. തലയിലും മുഖത്തും അടിച്ച് നിലത്തുവീഴ്ത്തി പലയാവര്‍ത്തി ചവിട്ടുന്നതും കൈകള്‍ പിടിച്ചുതിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്‍ജിനീയര്‍ ബിരുദം നേടിയ ശ്രിംഗി നന്ദന്‍ യാദവ് എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന് അറസ്റ്റിലായത്.