Connect with us

Ongoing News

അതിജീവനത്തിന്റെ എഴുത്തുവഴികൾ

Published

|

Last Updated

ലബനനിലെ വിഖ്യാത എഴുത്തുകാരി എമിലി നസ്റുല്ലയുടെ മൂന്നാം ചരമദിനം ആ രാജ്യത്ത് ഈയിടെ ആചരിക്കപ്പെട്ടു. 2018 മാർച്ച്‌ 13 നാണ് സമകാലിക അറബ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ ശബ്ദം നിലച്ചുപോയത്. നോവല്‍, ഉപന്യാസം, ബാലസാഹിത്യം എന്നീ രംഗങ്ങളിൽ ഏറെ പ്രശസ്തയായിരുന്നു എമിലി. രാജ്യാതിർത്തികൾക്കപ്പുറം ലെബനനിന്റെ അക്ഷരപ്പെരുമയെ വളർത്തിയതിൽ അവർ വലിയ പങ്ക് വഹിച്ചു.

1931 ജൂലൈ ആറിന് തെക്കൻ ലെബനനിലെ കെഫീർ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് എമിലി നസ്്റുല്ല ജനിച്ചത്. യഥാർഥ പേര് ആബി റാഷിദ്. കുടുംബം പിന്നീട് ബെയ്‌റൂത്തിലേക്ക് താമസം മാറ്റി. 1957ല്‍ ബെയ്‌റൂത്തിൽ കെമിസ്റ്റായിരുന്ന ഫിലിപ് നസ്റുല്ലയെ വിവാഹം കഴിച്ചതിനുശേഷമാണ് എമിലി നസ്റുല്ല എന്ന പേര് സ്വീകരിച്ചത്. അധ്യാപികയായും പത്രപ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ച എമിലി പിൽക്കാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പത്രപ്രവർത്തനത്തിലും എഴുത്തിലും വ്യാപൃതയായി.

1962 ൽ എമിലി നസ്്റുല്ലയുടെ ആദ്യ നോവൽ “സെപ്തംബറിലെ പക്ഷികൾ” പുറത്തുവന്നു. ഈ നോവൽ ലെബനോണിൽ മാത്രമല്ല മറ്റു പല അറേബ്യൻ രാജ്യങ്ങളിലും അവരുടെ പ്രശസ്തി ഉയർത്തി. ഒന്നര പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ലെബനനിലെ ആഭ്യന്തര കലാപങ്ങള്‍ അവിടുത്തെ പ്രജകളിൽ സൃഷ്ടിച്ച ദൈന്യവും സംത്രാസവും ഈ നോവൽ സത്യസന്ധമായി അടയാളപ്പെടുത്തുന്നു. സ്വന്തം കിടപ്പാടം പോലും ഉപേക്ഷിച്ച് ജീവസന്ധാരണത്തിനായി എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്ന അവരുടെ ആത്മനൊമ്പരങ്ങൾ അനുവാചക ഹൃദയങ്ങളെ ആർദ്രമാക്കുന്നു. കണ്ണീർ വീണു കുതിർന്ന കടലാസിലാണ് ഈ നോവൽ താൻ പൂർത്തിയാക്കിയതെന്ന് ഒരഭിമുഖത്തിൽ എമിലി പറയുന്നുണ്ട്. അറബ് സാഹിത്യ ലോകത്തെ ഉന്നതമായ മൂന്ന് പുരസ്‌കാരങ്ങൾ നേടിയ ഈ രചന നിരവധി വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. “കാലത്തിനെതിരെ ഒരു പോരാട്ടം,” “അവളുടെ സ്വന്തം ഭവനം”, “ബെയ്‌റൂത്തിൽ നിന്നുള്ള കഥകൾ”, “നമ്മുടെ അന്നം”, “പുറപ്പെട്ടു പോകുന്ന സ്റ്റേഷനുകൾ”, നാടോടികളുടെ രാവുകൾ” എന്നിവയാണ് എമിലി നസ്്റുല്ലയുടെ മറ്റു ശ്രദ്ധേയ പുസ്തകങ്ങൾ. മിക്കവയും പറയുന്നത് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ലേബനൻ ജനതയുടെ അതിജീവനത്തിന്റെ കഥകൾ തന്നെയാണ്. എമിലിയുടെ ഒടുവിലത്തെ രചന “സുന്ദരകാലം” അവരുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുന്പാണ് പ്രകാശിതമായത്.
അറബ് ലോകത്തെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരന്തരം എഴുതുകയും വാദിക്കുകയും ചെയ്ത എഴുത്തുകാരിയാണ് എമിലി നസ്്റുല്ല. ലെബനനിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ അനുഭവിച്ച പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് അവർ രചനകൾക്ക് വിഷയമാക്കിയത്. ബോംബ് സ്ഫോടനങ്ങളില്‍ വീടും മറ്റു വസ്തുവകകളും തകർന്നടിഞ്ഞിട്ടും രാജ്യം വിട്ടുപോകാൻ അവർ തയ്യാറായില്ല.

വർഷങ്ങളോളം അനുഭവിച്ച തീരായാതനകൾ നൽകിയ ഉൾക്കരുത്തും ആർജവവും ഏറെക്കുറെ തന്റെ കഥാപാത്രങ്ങളിലേക്കും സന്നിവേശിച്ചിട്ടുണ്ടെന്നു സമ്മതിക്കുന്ന ഈ എഴുത്തുകാരി, ആ കഥാപാത്രങ്ങളിലൂടെ അനുവാചകർക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നത് തന്റെ തന്നെ സ്വത്വ പ്രതിസന്ധികളെയാണ് എന്നതാണ് സത്യം.
ലളിതവും കാവ്യാത്മകവുമാണ് എമിലിയുടെ ഭാഷ. അതേ സമയം തീവ്രമായ ജീവിതാഭിമുഖ്യവും മാനവികതക്കു വേണ്ടിയുള്ള ഊഷ്മളമായ അഭിനിവേശവും അതിനെ കരുത്തുറ്റതാക്കുന്നു. അവര്‍ പറയുന്നു. “എന്റെ ഭാഷ ഉന്നതമാണെന്നോ ഗംഭീരമാണെന്നോ ഞാൻ അവകാശപ്പെടുന്നില്ല. കഴിയുന്നത്ര ലളിതമായി, എന്നാൽ ശക്തമായി എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” പ്രശസ്തമായ ഗെയ്ഥെ മെഡൽ സ്വീകരിച്ച വേളയിൽ തന്റെ എഴുത്തിനേയും ജീവിതവീക്ഷണത്തേയും കുറിച്ച് അവർ ഇങ്ങനെ പറയുകയുണ്ടായി. “ഞാൻ തന്നെ ഒരു കഥയാണ്. തനി നാട്ടിന്‍ പുറത്തുകാരി. ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗം. കുട്ടിക്കാലത്ത് ഞാൻ വയലിൽ പണിയെടുത്തിട്ടുണ്ട്. ഒലീവും മുന്തിരിയും വിളവെടുക്കുമ്പോൾ ഞാനും കൂടുമായിരുന്നു….”

അക്ഷരങ്ങളെ ഗാഢമായി പ്രണയിച്ച എമിലി നസ്റുല്ലയുടെ രചനകൾ അറബ് സാഹിത്യ ചരിത്രത്തിലെ തീക്ഷ്ണമായൊരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവ കാലാതിവർത്തികളായിരിക്കുമെന്നതിൽ സംശയമില്ല.