Connect with us

Articles

അമിത് ഷായോട് ‘അപ്രസക്തമായ' ചില ചോദ്യങ്ങള്‍

Published

|

Last Updated

ചോദ്യങ്ങള്‍. ചോദ്യശരങ്ങള്‍. സാഗരം സാക്ഷിയായി, കേന്ദ്ര ആഭ്യന്തരന്‍ അമിത് ഷാ വഹ. ഇതിലപ്പുറമിനിയെന്ത് വരാനിരിക്കുന്നുവെന്ന് ചൂണ്ടുവിരല്‍ ചുണ്ടോട് ചേര്‍ക്കുന്നു സംഘ്പരിവാരം. ഈ ശരങ്ങളേറ്റ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും ഇടത് മുന്നണിയും ആകെ വലഞ്ഞുവശാകുന്നതാണ് അവരുടെ ദിവാസ്വപ്‌നം!

കേരളത്തില്‍ നടന്ന പല അഴിമതികളുടെയും തെളിവുകള്‍ കൈവശമുണ്ടെന്നതാണ് ചോദ്യങ്ങള്‍ക്ക് മുമ്പ് ആഭ്യന്തരന്റെ ആദ്യത്തെ അമ്പ്. അഴിമതികളുടെയൊക്കെ തെളിവ് കൈവശമുണ്ടെങ്കില്‍ പിന്നെ, അതൊക്കെ പുറത്തുപറയുകയോ അന്വേഷണ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മുന്നില്‍ ഹാജരാക്കി നിയമ നടപടികളിലേക്ക് കടക്കുകയോ ആണ് വേണ്ടത്. അതിത്രകാലം ഉണ്ടാകാതിരിക്കെ വെടിയില്ല, പുകയേയുള്ളൂവെന്ന് സംശയിച്ചാല്‍ കുറ്റം പറയരുത്. കൊടിയ അഴിമതിയുടെ തെളിവ് ഇത്രകാലം മടിശ്ശീലയില്‍ മറച്ചുവെച്ച് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ടുനിന്നുവെന്ന് വന്നാല്‍, അതില്‍പ്പരം രാജ്യദ്രോഹം മറ്റൊന്നില്ല. നടപ്പ് രീതിയനുസരിച്ച് യു എ പി എ ചുമത്താവുന്ന കുറ്റം! ഇത് പറഞ്ഞതിന് യു എ പി എ ചുമത്താതിരുന്നാല്‍ മതിയായിരുന്നു.
പിന്നെയങ്ങോട്ടാണ് സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ശരങ്ങളുതിര്‍ന്നത്. കടത്തിയത് ആരെന്നോ ആര്‍ക്ക് വേണ്ടിയാണ് കടത്തിയതെന്നോ എന്‍ ഐ എ, കസ്റ്റംസ്, ഇ ഡി തുടങ്ങിയ ഏജന്‍സികള്‍ക്ക് ഇനിയും കണ്ടെത്താനാകാത്തതിനാല്‍ അമ്പൊഴിയാത്ത ആവനാഴിയാണ് ഈ കേസുകള്‍. ഇത്തരം കടത്ത് തടയാനല്ലേ കേന്ദ്ര സര്‍ക്കാറിന് കീഴില്‍ കസ്റ്റംസെന്ന ഏജന്‍സിയുള്ളതെന്ന ചോദ്യത്തിനും പ്രസക്തിയില്ല. നയതന്ത്ര ബാഗേജ് വഴിയാണ് കടത്തിയതെന്ന് ധനകാര്യ സഹമന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞതിന് ശേഷവും വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍, കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് ആവര്‍ത്തിക്കുന്നതിന്റെ കാരണമെന്തെന്ന ചോദ്യവും പ്രസക്തമല്ല. ആകെ പ്രസക്തം ആഭ്യന്തരനും അനുയായികളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ മാത്രമാണെന്ന് ധരിക്കണം.
കടത്തില്‍ ആരോപണവിധേയയായ സ്ത്രീ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പതിവ് സന്ദര്‍ശകയായിരുന്നില്ലേ? മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നടത്തിയ വിദേശ യാത്രകളില്‍ ആരോപണവിധേയ സഹയാത്രികയായിരുന്നില്ലേ? അവര്‍ക്ക് ജോലി കൊടുത്തില്ലേ? ജോലിക്ക് മൂന്ന് ലക്ഷം രൂപ ശമ്പളമായി കൊടുത്തില്ലേ? എന്നിങ്ങനെയാണ് ആഭ്യന്തരന്റെ ചോദ്യങ്ങള്‍. സ്വര്‍ണക്കടത്ത് പിടികൂടിയ നാള്‍ മുതല്‍ പലകുറി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളാണിവയൊക്കെ എന്ന് ആഭ്യന്തരന്‍ അറിഞ്ഞു കാണില്ല. സുരേന്ദ്ര, മുരളീധരാദികള്‍ക്കാര്‍ക്കെങ്കിലും മോരിലെ പുളിതീര്‍ന്ന ചോദ്യങ്ങളാണിവയെന്നൊന്ന് പറഞ്ഞുകൊടുക്കാമായിരുന്നു. അല്ലെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തേടിയല്ലേ, ഈ ഏജന്‍സികളൊക്കെ ഇവിടെ ഇത്രകാലം അന്വേഷണം നടത്തിയത്. അവര്‍ക്കത് കണ്ടെത്താനായില്ലെങ്കില്‍ അതിന് സ്വയം പഴിക്കുക എന്നത് മാത്രമേ മരുന്നുള്ളൂ.

അതങ്ങനെ നില്‍ക്കട്ടെ. ഇത്രയും ചോദിക്കുമ്പോള്‍, തിരിച്ചും ചിലതുണ്ടാകുമല്ലോ? ആയകാലം, ഗുജറാത്തില്‍ നേരിട്ട ആരോപണങ്ങളും ചോദ്യങ്ങളുമെന്തായിരുന്നു. കൂട്ടക്കുരുതിയുടെ ആസൂത്രക സ്ഥാനം ആരോപിക്കപ്പെട്ടയാള്‍ രാജ്യത്തിന്റെ പ്രധാന “സേവകനാ”യി ഇരിക്കുന്നതെങ്ങനെ എന്ന ചോദ്യമുണ്ട്? വംശഹത്യാ ശ്രമത്തിന് എല്ലാ ഒത്താശയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും വിരമിച്ചതിന് ശേഷം ഉയര്‍ന്ന പദവികളും ഉറപ്പാക്കിയത് നിങ്ങളല്ലേയെന്നും? വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചതിന് കേസിലുള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ജാമ്യം നേടി ഇറങ്ങിയപ്പോള്‍ സര്‍വീസില്‍ തിരിച്ചെടുത്ത് മുന്‍കാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം അനുവദിച്ചത് ന്യായമോ എന്നും. വംശഹത്യാ ശ്രമത്തിലും വ്യാജ ഏറ്റുമുട്ടലിലും ആരോപണവിധേയനായിരുന്ന പി പി പാണ്ഡെയെ, സര്‍വീസിന്റെ കുഴിയിലേക്ക് കാലുംനീട്ടിയിരിക്കെയാണ് ഡി ജി പിയാക്കിയത്.
അഭയ് ചുദസാമ എന്ന ഐ പി എസ് ഉദ്യോഗസ്ഥനെ താങ്കളെന്തായാലും അറിയാതിരിക്കില്ല. വ്യവസായികളെ, പ്രത്യേകിച്ച് മാര്‍ബിള്‍ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ നേതാവായിരുന്നു ആ ദേഹമെന്നാണ് ആരോപണം. സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസിലെ മുഖ്യ ആരോപണ വിധേയന്‍. സുഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ പച്ചയ്ക്ക് ചുട്ട്, ചാരം നദിയിലൊഴുക്കാന്‍ തീരുമാനിച്ച സംഘത്തിലെ പ്രമുഖനെന്നും ആരോപണമുണ്ടായിരുന്നു. ആ ദേഹത്തെ സര്‍വീസിലേക്ക് അലങ്കാരസഹിതം ആനയിച്ചത് ആരായിരുന്നു? ഡി ജി വന്‍സാര, നരേന്ദ്ര കെ അമീന്‍, ജി എല്‍ സിംഘാള്‍, ആര്‍ കെ പാണ്ഡ്യന്‍, എം എന്‍ ദിനേഷ്, വിപുല്‍ അഗര്‍വാള്‍, ബി ആര്‍ ചൗബെ, അനാജു ചൗധരി, ഒ പി മാത്തൂര്‍ എന്നിങ്ങനെ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു നിരതന്നെയുണ്ട്, വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണവിധേയരായിട്ട്. നിരപരാധികളുടെ ജീവനെടുക്കാന്‍ മടികാണിക്കാതിരുന്നവര്‍. ഇവര്‍ക്കൊക്കെ പില്‍ക്കാലം സര്‍വീസില്‍ സുഖവാസം അനുവദിച്ചത് ആരായിരുന്നു? ഇവര്‍ക്കൊക്കെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൊടുത്തത് എത്ര കോടികളായിരിക്കും?

സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലാണല്ലോ താങ്കളും അറസ്റ്റിലായത്. ഒടുവില്‍ ഗുജറാത്തിലേക്ക് കടക്കരുതെന്ന വ്യവസ്ഥയോടെ കോടതി ജാമ്യം അനുവദിച്ചതും. ആ കേസില്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്ന ഹരജി പരിഗണിച്ച് വിധിപറയാന്‍ പോകവെയാണല്ലോ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അവ്വിധം ചരിത്രമുള്ളൊരാള്‍ ആഭ്യന്തരനായി ഇരിക്കുന്നതില്‍ ഖേദമെന്തെങ്കിലും തോന്നുന്നുണ്ടോ? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാകയാല്‍, അവയിലൊന്നും ഖേദം തോന്നേണ്ട കാര്യമില്ല. സ്വര്‍ണമോ ഡോളറോ കടത്തിയെന്നോ കടത്താന്‍ സഹായിച്ചുവെന്നോ ഉള്ള കുറ്റത്തേക്കാള്‍ വലുതാണല്ലോ കൊലയും കൊലക്ക് അരുനില്‍ക്കലും. അത്തരം കേസുകളില്‍ പലകുറി ആരോപണ വിധേയരായവരാണോ രാജ്യത്തിന്റെ പരമോന്നത പദവികളില്‍ ഇരിക്കേണ്ടത് എന്നത് സ്വയം ചോദിക്കാവുന്ന ചോദ്യമാണ്.
പിന്നെ അഴിമതിയുടെ കാര്യം. മകന്റെ നഷ്ടത്തിലോടിയ കമ്പനി, പൊടുന്നനെ ലാഭത്തിലേക്ക് കുതിച്ചതിന്റെയും 116 മടങ്ങ് ലാഭമുണ്ടാക്കിയതിന്റെയും പിന്നാമ്പുറത്ത് അഴിമതി മണക്കുന്നുണ്ടോ എന്ന ചോദ്യമുയര്‍ന്നിരുന്നു. അതില്‍ വസ്തുതയുണ്ടോ എന്നതും ആ ആരോപണം ഒതുക്കിത്തീര്‍ത്തതില്‍ അഴിമതിയുണ്ടോ എന്നതും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. പിന്നെ റാഫേല്‍ യുദ്ധവിമാനക്കരാര്‍. യു പി എ സര്‍ക്കാറുണ്ടാക്കിയ കരാര്‍ റദ്ദാക്കി, സാങ്കേതികവിദ്യാ കൈമാറ്റം വേണ്ടെന്നുവെച്ചത് രാജ്യതാത്പര്യത്തിന്റെ ഏത് അളവുകോലുപയോഗിച്ചാണെന്നത്, സ്വയം ചോദിക്കേണ്ടതും ജനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുമായ ചോദ്യമാണ്. അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞതിനാല്‍ സാങ്കേതികമായി വേണ്ടെങ്കിലും.
പിന്നെയുമുണ്ട് ഒരുപാട് ചോദ്യങ്ങള്‍. വംശഹത്യാ ശ്രമം, അരും കൊലകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയില്‍, അംബാനി – അദാനിമാര്‍ക്ക് സൗകര്യമൊരുക്കും വിധത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടാകുന്നതില്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നപ്പോള്‍ നികുതി കൂട്ടി വിലക്കുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് നിഷേധിച്ചതില്‍, നോട്ട് പിന്‍വലിച്ചതോടെ കണ്ടെത്തിയ കള്ളപ്പണം എത്രയെന്നതില്‍, ജനം തിരഞ്ഞെടുത്ത സര്‍ക്കാറുകളെ പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിക്കുന്നതില്‍, അങ്ങനെ അട്ടിമറിക്കാന്‍ പാകത്തില്‍ പണം എവിടെ നിന്ന് വരുന്നുവെന്നതില്‍. അങ്ങനെ നിരവധി ചോദ്യശരങ്ങള്‍ സാധാരണക്കാരന്‍ മനസ്സില്‍ തൊടുത്തുവെച്ചിട്ടുണ്ട്. കപട രാജ്യസ്‌നേഹവും വ്യാജ ദേശീയതയുമുപയോഗിച്ചും ഭീതിയുടെ താഴ്‌വരയിലേക്ക് ജനത്തെ നീക്കിനിര്‍ത്തിയും സംഘ്പരിവാരം തത്കാലത്തേക്ക് തടഞ്ഞുവെച്ചിരിക്കുന്ന ചോദ്യങ്ങള്‍. ആ തടയാണ് സി എ എ – എന്‍ ആര്‍ സി വിരുദ്ധ പ്രതിഷേധത്തില്‍ ഭഞ്ജിക്കപ്പെട്ടത്. ഇപ്പോള്‍ കര്‍ഷകര്‍ ഭഞ്ജിക്കുന്നതും.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest