Kerala
യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും
തിരുവനന്തപുരം | യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് യുഡിഎഫിന് മുന്നിലെ കീറാമുട്ടി. മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്ക വിഷയം. ഇന്ന് പി ജെ ജോസഫുമായി ഫോണ്‍ മുഖാന്തിരം നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് . അതേ സമയം പട്ടാമ്പി സീറ്റിലുടക്കിയാണ് ലീഗുമായുളള സീറ്റ് വിഭജനംധാരണയിലെത്താത്തത്. ഇതിന് കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആര്‍എസ്പിയുടെ ആവശ്യത്തിനും വിജയമുറപ്പുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടരുകയാണ്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.




