Connect with us

Kerala

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കാനം രാജേന്ദ്രന്‍

Published

|

Last Updated

എം സുകുമാരപിള്ള ഹാളിന്റെ സമര്‍പ്പണവും അനുസ്മരണ സമ്മേളനവും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട | ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിലുള്ള വിശ്വാസം നിയമ സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നവീകരിച്ച സി പി ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിര്‍മ്മിച്ച എം സുകുമാരപിള്ള ഹാളിന്റെ സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും സര്‍ക്കാരിനെതിരായി ഒരുമിച്ചുള്ള വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇത്തരം വിമര്‍ശനങ്ങളെ ജനങ്ങളോടൊപ്പം നിന്ന് പ്രതിരോധിക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്. ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിച്ച സര്‍ക്കാരായിരുന്നു എല്‍ ഡി എഫിന്റെത്. ജനങ്ങളിലുള്ള വിശ്വാസം ഇനിയും ആര്‍ജ്ജിച്ച് മുന്നേറും. നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത്.

ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുള്ള പ്രവര്‍ത്തനം വലിയ ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ ഡി എഫിനെ അധികാരത്തിലെത്തിക്കും. സര്‍ക്കാര്‍ നടത്തിയ വികസനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചാല്‍ അനുകൂലമായി ചിന്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയും. തലമുറ ഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ച് കണ്ട് സംവദിക്കാന്‍ എം സുകുമാരപിള്ളക്ക് കഴിഞ്ഞിരുന്നുവെന്ന് കാനം അനുസ്മരിച്ചു. എവിടെയും സുവ്യക്തമായ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തി. തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ഇടതുപക്ഷ പ്രസ്ഥാനത്തിനും ട്രേഡ് യൂണിയനും വലിയ നഷ്ടമാണെന്നും കാനം പറഞ്ഞു.

സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹന്‍, പി പ്രസാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ്, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം എം വി വിദ്യാധരന്‍, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, മലയാലപ്പുഴ ശശി, ഡി സജി സംസാരിച്ചു.