Connect with us

Editorial

പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സൗജന്യമാക്കണം

Published

|

Last Updated

കടുത്ത അനീതിയാണ് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇരട്ട കൊവിഡ് പരിശോധന. 72 മണിക്കൂറിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയാണ് വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നത്. ഇവര്‍ വീണ്ടും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതില്‍ പ്രായവ്യത്യാസമില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കം മുഴുവന്‍ യാത്രക്കാര്‍ക്കും ഫെബ്രുവരി 22 മുതല്‍ ഇത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വീടണഞ്ഞാല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ വാസത്തിനു ശേഷമുള്ള പരിശോധന വേറെയും നടത്തണം.
വലിയൊരു തുക മുടക്കി കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി നാട്ടിലേക്ക് വിമാനം കയറുന്നത്. വീണ്ടും നാട്ടിലെ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിന് ഓരോ വ്യക്തിയും 1,700 രൂപ വീണ്ടും ചെലവഴിക്കണം. ഭാര്യയും കുടുംബവുമടങ്ങുന്നവരെങ്കില്‍ ടെസ്റ്റിനു നല്ലൊരു തുക മുടക്കേണ്ടി വരുന്നു. ഇന്ത്യയില്‍ ഈ ടെസ്റ്റിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ 900 രൂപ, ലക്‌നോവില്‍ 500 എന്നിങ്ങനെയാണ് ഇതിന്റെ നിരക്ക്. ഇരട്ട പരിശോധന വേണ്ടിവരുന്ന സാഹചര്യത്തില്‍ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

മഹാരാഷ്ട്ര, കേരളം തുടങ്ങി ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ടെസ്റ്റ് നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൊവിഡിനെതിരെ ജാഗ്രത ആവശ്യം തന്നെ. അത് പ്രവാസികള്‍ക്ക് മാത്രം മതിയോ? രാജ്യത്ത് ഇപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ ജാഥകളും പൊതുയോഗങ്ങളും വിവാഹ ചടങ്ങുകളും നടക്കുന്നത്. നഗരവീഥികളിലും കടകളിലും വാഹനങ്ങളിലും കൊവിഡിനു മുമ്പെന്ന പോലെ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ചു കൂടുന്നു. ഭരണ, പ്രതിപക്ഷ തലപ്പത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ ജാഥകള്‍ അരങ്ങേറുന്നത്. കൃത്യമായി മാസ്‌ക് പോലും ധരിക്കാതെയാണ് പലപ്പോഴും നേതാക്കളെത്തുന്നത്. അവിടെയൊന്നും ആവശ്യമില്ലാത്ത ഒരു ജാഗ്രത എന്തേ പ്രവാസികളുടെ കാര്യത്തില്‍ മാത്രം? ഈ ഇരട്ടത്താപ്പിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇരട്ട പരിശോധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളും മത, സാമൂഹിക നേതാക്കളും രംഗത്തുവന്നിരിക്കുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന മുഖ്യമന്ത്രിക്കും ഇവര്‍ കത്തയച്ചിരിക്കുകയുമാണ്.
പ്രവാസികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരും ബിസിനസിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരും തുലോം വിരളമാണ്. ചെറിയ വരുമാനക്കാരാണ് ഏറിയ പങ്കും. നാട്ടില്‍ ജോലിയൊന്നുമില്ലാത്തതുകൊണ്ട് അവിടെ പിടിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരായവര്‍. കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യു എ ഇയില്‍ കുടുങ്ങിപ്പോയവരും വിസിറ്റിംഗ് വിസയില്‍ പോയി മടങ്ങുന്നവരുമുണ്ട് വിമാനയാത്രക്കാരുടെ ഗണത്തില്‍. വിവിധ സംഘടനകളുടെ സഹായത്തോടെ ടിക്കറ്റ് തരപ്പെടുത്തിയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. ഇവര്‍ പിന്നെയും നാട്ടില്‍ പണം മുടക്കി വേറൊരു ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെടുന്നത് ക്രൂരതയാണ്. ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ ശ്രമിക്കുന്നവരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നിലപാട് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

ഇനി രണ്ടാമതൊരു ടെസ്റ്റ് അനിവാര്യമാണെന്നുണ്ടെങ്കില്‍ പ്രവാസികള്‍ വഴി രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ പരിഗണിച്ച് സര്‍ക്കാറിന് അത് സൗജന്യമായി നടത്തിക്കൊടുക്കാവുന്നതല്ലേ? 1.64 കോടി വരും ഇതര രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം. രാജ്യത്തിന്റെ സമ്പദ് ഘടന അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല. 2019ല്‍ പുറത്തുവന്ന ലോക ബേങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. 68.96 ബില്യന്‍ ഡോളറാണ് (4.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ) രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇവര്‍ വഴി കഴിഞ്ഞ വര്‍ഷമെത്തിയത്. സാമ്പത്തിക വര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനവും ജി ഡി പിയുടെ (മൊത്തം ആഭ്യന്തര ഉത്പാദനം) നാല് ശതമാനവും വരുമിത്. സമ്പദ് ഘടനയുടെ നട്ടെല്ലാണ് പ്രവാസികളെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

യു എ ഇയില്‍ വന്നിറങ്ങുന്നവരുടെ കൊവിഡ് ടെസ്റ്റ് അവിടുത്തെ സര്‍ക്കാര്‍ സൗജന്യമായാണ് നടത്തുന്നത്. കൊവിഡ് കാലത്ത് മറ്റെല്ലാ രാജ്യങ്ങളും പ്രവാസികളായ അവരുടെ പൗരന്മാര്‍ക്ക് വ്യവസ്ഥകളില്‍ ഇളവ് നല്‍കുമ്പോള്‍ നമ്മുടെ ഭരണകൂടം സ്വന്തം പൗരന്മാരെ ദുരിതത്തിലാക്കുന്ന വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രവാസികളുടെ സംരക്ഷണത്തിനെന്ന പേരില്‍ പിരിച്ചെടുത്ത കോടികള്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടുകളില്‍ കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താമസമൊരുക്കാനോ ഭക്ഷണം നല്‍കാനോ പോലും ഈ തുക ചെലവഴിച്ചിട്ടില്ല. പ്രവാസ ലോകത്തെ സന്നദ്ധ സംഘടനകളാണ് അത്തരം കാര്യങ്ങളെല്ലാം നിര്‍വഹിച്ചത്. ഈ ഫണ്ടില്‍ നിന്നൊരു ചെറിയ വിഹിതം വിനിയോഗിച്ചാല്‍ സൗജന്യ ടെസ്റ്റ് നടത്താം. പ്രവാസികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാറുള്ള സംസ്ഥാന സര്‍ക്കാറും പാര്‍ട്ടി ഫണ്ടിനായി പ്രവാസികളെ ഞെക്കിപ്പിഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. രണ്ട് തവണ വാക്‌സീനേഷന്‍ എടുത്ത് ഡോസ് പൂര്‍ത്തിയാക്കി നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest