National
പുതുക്കിപ്പണിതപ്പോള്‍ പട്ടേലിനെ കൈവിട്ടു; മൊട്ടേര ഹൗസ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്

അഹമ്മദാബാദ് | ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നല്‍കി. പുതുക്കിപ്പണിത സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിയാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മൊട്ടേര സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് പദ്ധതിയിട്ടത്. അന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം – രാഷ്ട്രപതി പറഞ്ഞു.
‘പ്രകൃതിയോടിണങ്ങിക്കൊണ്ടുള്ള വികസനത്തിന്റെ ഉദാഹരണമാണ് ഈ സ്റ്റേഡിയം. സർദാർ പട്ടേൽ സ്പോർട്സ് എൻക്ലേവിനോടും മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തോടും ബന്ധിപ്പിച്ച്, നാരാൺപുരയിലും ഒരു സ്പോർട്സ് കോംപ്ലക്സ് പണിയും. ഏതു രാജ്യാന്തര മത്സരവും നടത്താൻ ശേഷിയുള്ളതായിരിക്കും ഈ മൂന്നും. ഭാവിയിൽ അഹമ്മദാബാദ് ഇന്ത്യയുടെ സ്പോർട്സ് സിറ്റി എന്ന് അറിയപ്പെടും’ – രാഷ്ട്രപതി പറഞ്ഞു.
63 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം. 800 കോടി രൂപയാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ചിലവ്. 1,32,000 കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാം. 90,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണിലെ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയം. 11 പിച്ചുകളുള്ള ഏക സ്‌റ്റേഡിയമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം.
2015ലാണ് പുതുക്കിപ്പണിയുന്നതിനായി സ്‌റ്റേഡിയം അടച്ചത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോള്‍ നമസ്‌തേ ട്രംപ് പരിപാടിക്കായി സ്‌റ്റേഡിയം തുറന്നിരുന്നു.