Connect with us

Kerala

ആഴക്കടല്‍ മത്സ്യബന്ധനം; കരാര്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെങ്കില്‍ നേരത്തെ പറയാമായിരുന്നു: ഇ എം സി സി ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം | തങ്ങളുമായുള്ള കരാറില്‍ നിന്ന് കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ എസ് ഐ എന്‍ സി) പിന്മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ഇ എം സി സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. കരാര്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെങ്കില്‍ നേരത്തെ പറയാമായിരുന്നു. 2019 ല്‍ കണ്‍സപ്റ്റ് നോട്ട് കൊടുത്തിട്ടുള്ളതാണ്. 2020-21 കാലം വരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നയം ഒരവസരത്തിലും കമ്പനി അധികൃതരോട് വ്യക്തമാക്കാതിരുന്നതെന്നും ഷിജു വര്‍ഗീസ് ചോദിച്ചു.

മന്ത്രിമാരെയും വകുപ്പ് സെക്രട്ടറിമാരെയും പിന്നീട് മുഖ്യമന്ത്രിയെയുമെല്ലാം നേരിട്ട് കണ്ടിരുന്നു. അപ്പോഴൊന്നും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയില്ല. രണ്ട് ദിവസം മുമ്പ് മാത്രമാണ് നയത്തിന്റെ കാര്യം അറിയുന്നത്. ഇതാണ് നയമെങ്കില്‍ 2021 ല്‍ ഫിഷറീസ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍ ഡി എ ക്ലിയറന്‍സിന് വേണ്ടി ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്ന് വിശദീകരിക്കണം.
കരാര്‍ റദ്ദാക്കിയതിലൂടെ 2,950 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാവുക. ഇത് ആര് തരുമെന്നും ഇ എം സി സി ഡയറക്ടര്‍ ചോദിച്ചു.

കെ എസ് ഐ എന്‍ സിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനുള്ള ധാരണാപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റദ്ദാക്കിയത്. കരാര്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.