Connect with us

Kerala

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി. ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള, മത്സ്യത്തൊഴിലാളികള്‍ക്കാകെ പുരോഗതി നേടാനുള്ള നടപടികളാണ് സര്‍ക്കാറില്‍ നിന്നുണ്ടാകുക. ഇത് തീരദേശ മേഖലക്ക് അനുഭവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മത്സ്യമേഖലയില്‍ കൃത്യമായ നയം രൂപവത്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ‌യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് നയത്തില്‍ പറയുന്നു. കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരം അനുവദിക്കുക പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണെന്നും നയത്തിലുണ്ട്.

ആഴക്കടലില്‍ നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ വിദേശ കുത്തകകള്‍ക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവായിരുന്നു. അതിനെതിരെ പോരാടിയവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.