Connect with us

Editorial

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കണ്ണുതുറപ്പിക്കണം

Published

|

Last Updated

നീതിവിളംബം നീതിനിഷേധമെന്നാണല്ലോ. കോടതികളിലെത്തുന്ന പരാതികളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതാണ് ശരിയായ നീതി. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് 1987ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക നിര്‍ദേശവുമുണ്ട്. പക്ഷേ, സുപ്രീം കോടതി മുതല്‍ മുന്‍സീഫ് കോടതി വരെ രാജ്യത്തെ എല്ലാ കോടതികളിലും വന്‍തോതില്‍ കെട്ടിക്കിടക്കുകയാണ് കേസുകള്‍. ദശാബ്ദങ്ങള്‍ പഴക്കമുള്ളവയുമുണ്ട് കൂട്ടത്തില്‍. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കവെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കോടതികളുടെ ഈ ദുരവസ്ഥയില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്നും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരും പ്രമുഖ നിയമജ്ഞരും കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2016 ആഗസ്റ്റില്‍ ഡല്‍ഹിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വികാരാധീനനാകുകയുമുണ്ടായി. നീതിനിര്‍വഹണത്തില്‍ കാലതാമാസം നേരിടുന്നതിന് കാരണം ജഡ്ജിമാരുടെ എണ്ണക്കുറവാണെന്നും ഇതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, ജഡ്ജിമാരെ നിയമിക്കാത്തതിലൂടെ സര്‍ക്കാര്‍ സാധാരണക്കാരോടും വിചാരണത്തടവുകാരോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷ വേളയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ കോടതികളിലായി 3.16 കോടി കേസുകളാണ് തീര്‍പ്പിനായി കാത്തിരിക്കുന്നത്. ഇവയില്‍ 4.29 ലക്ഷം കേസുകളും 30 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണെന്ന് വെളിപ്പെടുത്തിയ അറ്റോര്‍ണി ജനറല്‍, അമ്പതോ അറുപതോ വയസ്സ് ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ജീവിതകാലത്ത് ഈ കേസുകളുടെ ഫലപ്രാപ്തി കാണാനോ അനുഭവിക്കാനോ സാധിക്കണമെന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡിന് തൊട്ടുമുന്പുള്ള കണക്കിലാണ് അറ്റോർണി ജനറൽ ആശങ്കപ്പെട്ടത്. കൊവിഡ് കാലത്ത് പരിമിതമായ കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്തതെന്നതിനാല്‍ ഇപ്പോള്‍ പിന്നെയും സ്ഥിതി രൂക്ഷമാകാനാണ് സാധ്യതയെന്നും അറ്റോര്‍ണി ജനറല്‍ പറയുന്നു. പത്ത് ലക്ഷം പേര്‍ക്ക് 50 ജഡ്ജിമാര്‍ ആവശ്യമാണെന്നാണ് 1987ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍ 2018ല്‍ പത്ത് ലക്ഷം പേര്‍ക്ക് 19 ജഡ്ജിമാരാണുള്ളത്. നിലവില്‍ രാജ്യത്തെ ജഡ്ജിമാരുടെ എണ്ണം 20,558 ആണ്. എന്നാൽ വേണ്ടത് 1.36 ലക്ഷം പേരും.

കേസുകള്‍ കെട്ടിക്കിടക്കുന്നതിനും കാലതാമസത്തിനും ജഡ്ജിമാരുടെ എണ്ണക്കുറവാണ് കാരണമായി പൊതുവെ പറയപ്പെടുന്നത്. സര്‍ക്കാറിനെയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താറുള്ളത്. എന്നാല്‍ ന്യായാധിപന്മാരുടെ എണ്ണക്കുറവ് മാത്രമല്ല, കോടതികളുടെ പ്രവര്‍ത്തന ദിനങ്ങളുടെ കുറവ് കൂടിയാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നതെന്ന അഭിപ്രായം നിയമജ്ഞര്‍ക്കിടയില്‍ തന്നെയുണ്ട്. മധ്യകാലാവധി ഒഴിവാക്കുകയും അവധി ദിനങ്ങളുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്താല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താനാകുമെന്ന് ജസ്റ്റിസ് ടി എന്‍ ഠാക്കൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല, കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അവധി കാലങ്ങളില്‍ ന്യായാധിപന്മാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഹൈക്കോടതികള്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്താണ് കോടതികള്‍ക്ക് മധ്യകാലാവധി നല്‍കിത്തുടങ്ങിയത്. ഇന്ത്യയില്‍ അത്യുഷ്ണം അനുഭവപ്പെടുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ അവരുടെ നാട്ടിലെത്തി അവിടെ താമസിക്കുന്നതിനാണ് അവര്‍ ഈ കീഴ് വഴക്കം സൃഷ്ടിച്ചത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ മോചനം നേടുകയും കോടതികളുടെ നിയന്ത്രണം ഇന്ത്യക്കാരായ ന്യായാധിപന്മാരില്‍ നിക്ഷിപ്തമാകുകയും ചെയ്തു. എന്നിരിക്കെ ഇന്ത്യന്‍ ജനതയോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ, അവരുടെ കാലാവസ്ഥയുമായും ജീവിത രീതിയുമായും ബന്ധപ്പെട്ട മധ്യകാല വേനലവധി ഇനിയും തുടരേണ്ടതുണ്ടോ? രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസുകളിലൊന്നിലും ഇത്തരമൊരു അവധിയില്ലെന്നിരിക്കെ കോടതികളില്‍ ഈ കീഴ്‌വഴക്കം അവസാനിപ്പിക്കണമെന്ന് നിയമ മേഖലയില്‍ തന്നെ അഭിപ്രായമുണ്ട്. ജസ്റ്റിസ് ടി എന്‍ ഠാക്കൂറിന്റെ മേല്‍ വീക്ഷണം അതിലൊന്ന് മാത്രമാണ്.

സുപ്രീം കോടതി ജസ്റ്റിസായിരിക്കെ 2014ല്‍ ജസ്റ്റിസ് ആര്‍ എം ലോധ കോടതികളുടെ പ്രവൃത്തി ദിവസങ്ങളെയും അവധി ദിവസങ്ങളെയും കുറിച്ച് ഒരു അവ ലോകനം നടത്തുകയുണ്ടായി. സുപ്രീം കോടതി വര്‍ഷത്തില്‍ ആകെ 193 ദിവസം അഥവാ ആറര മാസം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ബാക്കി അഞ്ചര മാസവും അവധിയാണെന്നും അദ്ദേഹം മനസ്സിലാക്കി. ഹൈക്കോടതികളുടെ പ്രവൃത്തി ദിവസം 240 ദിവസവും വിചാരണക്കോടതികളുടേത് 245 ദിവസവുമാണ്. തുടര്‍ന്നദ്ദേഹം താനുള്‍പ്പെടെയുള്ളവര്‍ സേവനമനുഷ്ഠിക്കുന്ന സുപ്രീം കോടതിയുടെ മധ്യകാല വേനലവധി പത്താഴ്ചയില്‍ നിന്ന് ഏഴാഴ്ചയായി ചുരുക്കുകയും, മറ്റു ചില അവധി ദിനങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. മാത്രമല്ല, കോടതികള്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിനായില്ല. മൂന്ന് കോടിയിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഒപ്പം കോടതികളുടെ അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കി പ്രവൃത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ജുഡീഷ്യറി ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുമുണ്ട്.

Latest