Connect with us

Covid19

കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചു; ദുബൈയില്‍ 32 ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Published

|

Last Updated

ദുബൈ | കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ച 32 ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ദുബൈ നഗരസഭ അറിയിച്ചു. അതേസമയം, നിര്‍ദേശം പാലിച്ച ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണം 5,264 ആയി ഉയര്‍ന്നു. 472 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
“ഈ വര്‍ഷം 45 ദിവസത്തിനുള്ളില്‍, മുന്‍സിപ്പാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ 5,841 ഫീല്‍ഡ് പരിശോധന നടത്തി. കൊവിഡ് വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ആരോഗ്യ അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഭക്ഷ്യ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്.”- നഗരസഭാ ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ ത്വാഹിര്‍ പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങള്‍ സാമൂഹിക അകലം പാലിക്കാത്തതും ഭക്ഷണം തയാറാക്കുമ്പോള്‍ മാസ്‌കുകളും കൈയുറകളും ധരിക്കാത്തതുമാണ്. അണുനാശിനി വസ്തുക്കള്‍ ഉപയോഗിക്കാത്തതും കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഭക്ഷ്യ സ്ഥാപനങ്ങളിലെ നിരവധി ഉടമസ്ഥരുടെയും തൊഴിലാളികളുടെയും അവബോധം വര്‍ധിച്ചതായും മുന്‍ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുന്‍കരുതല്‍ നടപടികളോടുള്ള പ്രതിബദ്ധത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്ക് ശുചിത്വത്തിനായുള്ള അവബോധം ഇടക്കിടെ നടത്താറുണ്ട്. അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി വെക്കുക, ഭക്ഷണം തയാറാക്കുന്നതിലും സംഭരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഭക്ഷണം ആരോഗ്യകരമായ താപനിലയില്‍ സൂക്ഷിക്കുക, മലിനീകരണം തടയുന്നതിനും കീട നിയന്ത്രണ നടപടികള്‍ പ്രയോഗിക്കുന്നതിനും ശ്രദ്ധാലുവാകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

റെസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ഭക്ഷണം വാഗ്ദാനം ചെയ്യുന്ന പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഡെലിവറി വാഹനങ്ങള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ഡെലിവറി തൊഴിലാളികള്‍ ഓരോ ഓര്‍ഡറിനും ശേഷം മാസ്‌കുകളും കൈയുറകളും മാറ്റേണ്ടതുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800900 ല്‍ ബന്ധപ്പെടണമെന്നും അല്‍ ത്വാഹിര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest