Connect with us

Kerala

സി എ എ കേരളത്തില്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് പിണറായി

Published

|

Last Updated

കാസർകോട് | സി എ എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ നേതൃത്വം നൽകുന്ന വികസന മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ സി എ എ നടപ്പാക്കുമെന്ന് കേന്ദ്രം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുമ്പ് പറഞ്ഞ നിലപാട് തന്നെ ആവര്‍ത്തിക്കുന്നു, കേരളത്തില്‍ സി എ എ നടപ്പാക്കില്ല- അദ്ദേഹം പറഞ്ഞു.

എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികള്‍ തന്നെയാണ്. ബി ജെ പിക്ക് സംഭാവന നല്‍കാന്‍ കോണ്‍ഗ്രസിന്റെ് ഉത്സാഹം നാം കണ്ടു. ഒരു എം എല്‍ എ തന്നെ ബി ജെ പിക്ക് സംഭാവന നല്‍കുന്നു. പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസിന്റെ സ്ഥിതി നമുക്കറിയാവുന്നതാണല്ലൊ. വര്‍ഗീയതയോട് വേര്‍തിരിവ് വേണം.

കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലിന് എല്‍ ഡി എഫിനെ ഒന്നും ചെയ്യാനായില്ലെന്നും കാരണം അത്ര കരുത്തുറ്റ കോട്ട ജനങ്ങള്‍ തീര്‍ത്തിരുന്നുവെന്നും പിണറായി പറഞ്ഞു.  2016ല്‍ എല്ലാ മേഖലയിലും ദുര്‍ഭരണമായിരുന്നെന്നും ഈ ശാപം എങ്ങനെയെങ്കിലും ഒഴിഞ്ഞുകിട്ടിയാല്‍ മതിയെന്ന മാനസികാവസ്ഥയായിരുന്നു മലയാളികള്‍ക്ക് അന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളെ പോലെ കെട്ടവരാണ് എല്‍ ഡി എഫ് എന്ന് സമര്‍ഥിക്കണമെന്ന് പ്രതിപക്ഷം ചിന്തിച്ചു. അതോടൊപ്പം അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികള്‍ രംഗത്തുവന്നു. പല തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തലുകള്‍ സാധിക്കുമോയെന്ന് നോക്കി. ഒപ്പം മാധ്യമശക്തികളുമുണ്ടായിരുന്നു.

എല്ലാ വിഭാഗങ്ങളും എല്‍ ഡി എഫ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചപ്പോള്‍ മനസ്സിലായി. നാടിന്റെ ശോച്യാവസ്ഥക്ക് മാറ്റം വരുത്തിയത് എല്‍ ഡി എഫാണ്.

സര്‍ക്കാര്‍ ശ്രദ്ധിച്ചത് ജനങ്ങളുടെ ഒരുമയും ഐക്യവുമാണ്. വലിയ ദുരന്തങ്ങളെ ഒന്നിച്ച് നേരിടാന്‍ സാധിച്ചു. അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ സാധ്യമായി. ജനങ്ങളില്‍ വലിയ ആത്മവിശ്വാസം വന്നു. സര്‍ക്കാറുമായുള്ള ആത്മബന്ധത്തിലേക്ക് ജനങ്ങളെത്തി. എവിടെയെല്ലാം ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുവോ അവിടെയെല്ലാം അവരോടൊപ്പം സര്‍ക്കാറുണ്ടായിരുന്നു. ഇത് ജനങ്ങളുടെ അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.