Connect with us

Uae

യു എ ഇയുടെ ആകാശ സ്വപ്ന സാക്ഷാത്കാരത്തിന് മണിക്കൂറുകള്‍; ഹോപ് പേടകം ചൊവ്വയെ സമീപിക്കുന്നു

Published

|

Last Updated

ദുബൈ  | യു എ ഇ യുടെ വലിയ സ്വപ്നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഹോപ് പേടകം നാളെ രാത്രി 7.42ന് ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ എത്തും. യു എ ഇയിലെ ദശലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് മാത്രമല്ല അറബ് ലോകത്തിനാകെ അഭിമാന നിമിഷം. ആദ്യമായാണ് അറബ് ലോകത്ത് നിന്ന് ഒരു ചൊവ്വ പര്യവേഷണം. യു എ ഇ പ്രവാസികളും ആഹ്ലാദത്തിലാണ്. പോറ്റമ്മ രാജ്യത്തിന്റെ വിജയം സ്വന്തമെന്ന പോലെ അനുഭവപ്പെടും. അങ്ങനെ, അനേക കോടി ആളുകളുടെ സ്വപ്നങ്ങള്‍ വഹിക്കുന്ന പേടകമാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. ആറ് വര്‍ഷത്തെ തുടര്‍ച്ചയായ ശാസ്ത്ര ഗവേഷണത്തിന്റെ ഫലമാണത്. ചൊവ്വ ഭ്രമണ പഥത്തിലേക്ക് പേടകം ഗതി നിര്‍ണയിക്കുന്ന “ഇരുണ്ട” അര മണിക്കൂറിനെ ഉറ്റു നോക്കുകയാണ് യു എ ഇ ബഹിരാകാശ ശാസ്ത്ര ലോകം.

ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണ് വരാന്‍ പോകുന്നത്. “മാര്‍സ് ഓര്‍ബിറ്റി”ലേക്കുള്ള പ്രവേശനം തടസമില്ലാതെ നടക്കണം. ആ വെല്ലുവിളി മറികടന്നാല്‍ അറബ്‌സ് ടു മാര്‍സ് യാഥാര്‍ഥ്യമായി. 50 ശതമാനം വിജയ സാധ്യതയാണ് ഈ പ്രക്രിയയില്‍ ഉള്ളത്. പേടകം ചൊവ്വയെ സമീപിക്കുന്നത് അസാധാരണ വേഗത്തില്‍. അത് ചൊവ്വയുടെ ഗുരുത്വാകര്‍ഷണത്തെ പിടിച്ചെടുക്കാനാകുന്ന തലത്തിലേക്ക് മാറണം. മന്ദഗതിയിലായില്ലെങ്കില്‍ അത് വല്ലാതെ കറങ്ങുകയും ബഹിരാകാശത്തില്‍ തുടരുകയും ചെയ്യും. 121,000 കി.മീ. വേഗത്തില്‍ നിന്ന് 18,000 കി.മീ. വേഗത്തിലേക്കാണ് മാറേണ്ടത്. പേടകം മന്ദഗതിയിലാക്കാന്‍ ഇന്ധനത്തിന്റെ പകുതിയോളം ചെലവഴിക്കേണ്ടി വരും. പേടകം ഇതിനകം 49.35 കോടി കി.മീ. സഞ്ചരിച്ചു. ഇനി കുറച്ചു ദൂരങ്ങള്‍.

ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് ഭ്രമണ പഥത്തില്‍ പ്രവേശിക്കലെന്ന് എമിറേറ്റ്സ് മാര്‍സ് മിഷന്റെ (ഇ എം) പ്രോജക്ട് ഡയറക്ടര്‍ ഉംറാന്‍ ശറഫ് പറഞ്ഞു. “ഞങ്ങള്‍ ആദ്യമായി വികസിപ്പിച്ച സംവിധാനങ്ങളാണ്. എത്രമാത്രം കാര്യക്ഷമം എന്ന് പറയാനാവില്ല. മുമ്പത്തെ നിര്‍ണായക ഘട്ടം വിക്ഷേപണമായിരുന്നു. മികച്ച റോക്കറ്റ് അതിനായി ഉപയോഗിച്ചു. യു എ ഇക്ക് പുറമേ, ചൈനയും യു എസും കഴിഞ്ഞ വര്‍ഷം പേടകത്തെ അയച്ചിട്ടുണ്ട്. അവയെല്ലാം ഈ മാസം ഇറങ്ങുകയും ചെയ്യും. ഈ മാസം പത്തിന് ചൈനയിലെ ടിയാന്‍വെന്‍ -1 ബഹിരാകാശ പേടകം ചൊവ്വയിലെത്തും. അതേസമയം നാസയുടെ പേടകം ഈ മാസം 18ന് എത്തും. മുമ്പ്, യു എസ്, ഇന്ത്യ, സോവിയറ്റ് യൂനിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവ ചൊവ്വയില്‍ വിജയകരമായി എത്തിയിട്ടുണ്ട്.
യു എ ഇയുടെ ചൊവ്വാന്വേഷണത്തിന്റെ വിജയകരമായ ലാന്‍ഡിംഗ്, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറ്റും. ചൊവ്വ ദൗത്യം യു എ ഇ രൂപവത്കൃതമായതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest