വൈരുധ്യാത്മക ഭൗതികവാദ വിവാദം: വിശദീകരിച്ചത് കൃത്യമായ ദര്‍ശനങ്ങള്‍- എം വി ഗോവിന്ദന്‍

Posted on: February 7, 2021 5:13 pm | Last updated: February 7, 2021 at 7:11 pm

കോഴിക്കോട്   | വൈരുധ്യാത്മക ഭൗതികവാദം സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍.

ആനയെ കാണാന്‍ കുരുടന്‍മാര്‍ പോയ പോലെയാണ് തന്റെ പ്രസ്താവന മനസിലാക്കാതെ ഓരോരുത്തരും വിമര്‍ശിക്കുന്നത്. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നല്ല. നിലവിലെ സാഹചര്യം പരിഗണിച്ച് വേണം അതു നടപ്പിലാക്കാന്‍ എന്നതാണ് താന്‍ പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാര്‍ക്കിസ്റ്റുകാരനായ ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ പരിസ്ഥിതിയില്‍ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ട കൃത്യമായ ദര്‍ശനമാണ് താന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ വര്‍ഗീയമായ നിലപാടുകളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടി വരുമ്പോഴാണ് എന്താണ് വൈരുധ്യാത്മക ഭൗതികവാദ നിലപാടെന്നും ഇന്നത്തെ ഇന്ത്യന്‍ വസ്തുതയില്‍ ഇതിന്റെ പ്രസക്തിയെന്നുംചുണ്ടിക്കാണിച്ചത്. മുതലളിത്വംഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കുന്ന മുഴുവന്‍ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ഇത് വിശ്വാസികളും അവിശ്വാസികളുമെല്ലം ഉള്‍ക്കൊള്ളുന്നതാണ്.’

വൈരുധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേര്‍ത്തുകൊണ്ട് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലെ ഫ്യൂഡല്‍ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും ആശയങ്ങളെയും നേരിടാന്‍നമുക്കാവില്ല. വൈരുധ്യാത്മക ഭൗതികവാദം ഇന്നത്തെ പരിതസ്ഥിതിയില്‍എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് അതിന്റെ പ്രായോഗികത. അതല്ലാതെ വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കുക എന്നതല്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.