Connect with us

Gulf

ദുബൈ വിസ സ്റ്റാമ്പിംഗ്: 14 മുതല്‍ ഇ-മെഡിക്കല്‍ സാക്ഷ്യപത്രം മാത്രമേ സ്വീകരിക്കൂ

Published

|

Last Updated

ദുബൈ | ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെഡിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വിസാ നടപടികള്‍ക്ക് ഇ-മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ്

അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഈ മാസം 14 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള ഓണ്‍ലൈന്‍ ലിങ്ക് മുഖാന്തരമുള്ള മെഡിക്കല്‍ പരിശോധനാ ഫലമാണ് സ്വീകരിക്കുക. മെഡിക്കല്‍ റിസള്‍ട്ടുകള്‍ ഇ-മെയിലില്‍ പി ഡി എഫ് പേപ്പര്‍ രൂപത്തില്‍ അയച്ചുകൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതികള്‍ക്കാണ് മാറ്റംവരുന്നത്. ഫെബ്രുവരി 14 മുതല്‍ ജി ഡി ആര്‍ എഫ് എ ബന്ധപ്പെട്ട വകുപ്പുകളുമായി ഇലക്ട്രോണിക് ലിങ്ക് പ്രവര്‍ത്തനക്ഷമമാകുന്നതിനാല്‍ റിസള്‍ട്ടിന്റെ പ്രിന്റ് ആവശ്യമാവില്ല.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ പേപ്പര്‍ലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റം. സമഗ്രമായി കടലാസ് രഹിത സര്‍ക്കാര്‍ ചട്ടക്കൂട് നിര്‍മിക്കുന്നതിനും ദുബൈയെ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഘട്ടംഘട്ടമായുള്ള ഈ നടപടികള്‍.
അതോറിറ്റികളിലെ ജീവനക്കാരനോ ഉപഭോക്താവോ 2021നു ശേഷം പേപ്പറുകള്‍ അച്ചടിക്കേണ്ടതില്ലെന്ന് പദ്ധതി ലക്ഷ്യംവെക്കുന്നു. പ്രതിവര്‍ഷം സര്‍ക്കാര്‍ ഇടപാടുകളിലുള്ള ഒരു ബില്യണ്‍ പേപ്പറുകളുടെ ഉപയോഗം ദുബൈ പേപ്പര്‍ലെസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകും. ദുബൈയിലെ അമര്‍ കേന്ദ്രങ്ങളിലും ടൈപ്പിംഗ് സെന്ററുകളില്‍ പരിശോധനക്കുള്ള അപേക്ഷ ടൈപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യ വകുപ്പിലേക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കിയാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. ഫീസിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ഇതിലുണ്ട്.

Latest