പ്രവാചക നഗരിയിൽ അന്താരാഷ്ട്ര എക്സിബിഷനും മ്യൂസിയവും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു  

Posted on: February 6, 2021 6:19 pm | Last updated: February 6, 2021 at 6:24 pm

മദീനാമുനവ്വറ | പ്രവാചക നഗരിയായ മദീനയിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര എക്സിബിഷനും മ്യൂസിയവും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഊദി വിഷൻ  2030 ന്റെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് മദീന ഗവർണറും പ്രവിശ്യയുടെ  റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാനുമായ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ പറഞ്ഞു.

മുഹമ്മദ് നബിയുടെ(സ) തങ്ങളുടെ ജനനം മുതൽ വിയോഗം വരെയുള്ള ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ 1,400 വർഷങ്ങൾക്ക് മുൻപുള്ള  മക്കയിലെയും മദീനയിലെയും  യഥാർഥ ഇസ്ലാമിക പൈതൃകം ലോകത്തെ പരിചയപ്പെടുത്തുന്ന ചരിത്ര ദൃശ്യങ്ങളും  പ്രവാചകന്റെ കാലഘട്ടത്തിലെ അഞ്ഞൂറിലധികം കരകൗശല വസ്തുക്കളും പൈതൃക ഭാഗങ്ങളും പ്രദർശനത്തിലുണ്ട്.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം വേൾഡ് ലീഗിന്റെ (എം ഡബ്ല്യു എൽ) മേൽനോട്ടത്തിലാണ് ഇന്റർനാഷണൽ എക്‌സിബിഷനും പ്രവാചക ചരിത്രം വിവരിക്കുന്ന മ്യൂസിയവും പ്രവർത്തിക്കുക. ഓർഗനൈസേഷന്റെ കീഴിൽ ആഗോളവ്യാപകമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇസ്‌ലാമിക് മ്യൂസിയങ്ങളിൽ  ആദ്യത്തേതാണ് മദീനയിലേത്.

മസ്ജിദുന്നബവിയുടെ ചാരത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയം 24 മണിക്കൂറും സന്ദർശകർക്കായി പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സഹിഷ്ണുത,  മിതത്വം, സ്നേഹം, കരുണ, മാനവികത, സഹവർത്തിത്വം എന്നിവ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയും പ്രവാചക ജീവിത രീതികളും സമീപനങ്ങളും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ ദൗത്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എക്സിബിഷനിൽ നൂറുകണക്കിന് പെയിന്റിംഗുകളുടെ   പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കായി  അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഉറുദു, ഫ്രഞ്ച്, ടർക്കിഷ്, ഇന്തോനേഷ്യൻ ഭാഷകളിലായി 4ഡി വീഡിയോ പ്രദർശവും ലഭ്യമാക്കിയിട്ടുണ്ട്. എക്സിബിഷനിൽ 25 പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്.