‘ലീഗിനെ വിര്‍ശിക്കുന്നത് പാര്‍ട്ടിയെന്ന നിലയില്‍, വര്‍ഗീയമായിട്ടല്ല; ശബരിമല ഉപയോഗിച്ചാല്‍ വോട്ട് കിട്ടുമെന്ന് ചിലര്‍ക്ക് തോന്നുന്നു’

Posted on: February 5, 2021 7:45 pm | Last updated: February 6, 2021 at 8:15 am

തിരുവനന്തപുരം | ലീഗിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ വര്‍ഗീയമായി കാണേണ്ടതില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറ്റൊരു പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിന് നേതൃപരമായ പങ്ക് വഹിച്ചതിനാണ് ലീഗിനെ വിമര്‍ശിക്കുന്നത്. ഈ കൂട്ടുകെട്ടിനെ അവരില്‍ ചിലര്‍ തന്നെ ഒരു ഘട്ടത്തില്‍ തള്ളിക്കളഞ്ഞതാണ്. എന്നാല്‍, പിന്നീടും ജമാഅത്തുമായി കൂട്ടുകൂടാന്‍ ശ്രമം നടന്നു. അപ്പോള്‍ സ്വാഭാവികമായും വിമര്‍ശനമുയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല എടുത്താല്‍ നല്ലോണം വോട്ട് കിട്ടുമെന്ന് ചിലര്‍ക്ക് തോന്നുന്നുവെന്നും അതുകൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ എല്ലാം സാധാരണ നിലയിലാണ്. കേസ് വരുമ്പോഴാണ് സര്‍ക്കാറിന്റെ പങ്ക് വരുന്നത്. അപ്പോള്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കും. വിധി വരുമ്പോഴാണ് നിലപാടെടുക്കേണ്ടതുള്ളൂ. ഇപ്പോള്‍ ചിലര്‍ ശബരിമലയെ പ്രചാരണ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.