Connect with us

National

റെക്കോഡുകൾ തിരുത്തി റിഹാനയുടെ ട്വീറ്റ്; ഒറ്റയടിക്ക് കൂടിയത് മൂന്ന് ലക്ഷം ഫോളോവേഴ്സ്

Published

|

Last Updated

റെക്കോഡുകൾ മറികടന്ന് വൻ തരംഗമായി മാറിയിരിക്കുകയാണ് കർഷക പ്രക്ഷോഭങ്ങളെ അനുകൂലിച്ച് കൊണ്ടുള്ള പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റ്. റിഹാനയുടെ ഈ ട്വീറ്റിന് ഏഴ് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചത്. മൂന്ന് ലക്ഷത്തിലേറെ പേർ ഇത് റീട്വീറ്റ്‌ ചെയ്തു. രണ്ട് മാസത്തിധികമായി തുടരുന്ന കർഷക സമരത്തെ പറ്റിയുള്ള ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്രയധികം ശ്രദ്ധ നേടുന്നത് ആദ്യമായാണ്. റിഹാനയുടെ ട്വീറ്റ് കർഷക സമരത്തിന് ലോക ശ്രദ്ധയും നേടിക്കൊടുത്തു.

ട്വിറ്ററിൽ ഈ ട്വീറ്റിട്ടതിന് പിന്നാലെ മൂന്ന് ലക്ഷം ഫോളോവേഴ്സാണ് റിഹാനയ്ക്ക് അധികമായി ലഭിച്ചത്.ട്വീറ്റ് പങ്ക് വക്കുമ്പോൾ 100.9 മില്യൺ ആയിരുന്നു ഫോളേവേഴ്‌സിന്റെ എണ്ണമെങ്കിൽ ഇപ്പോളത് 101.2 ആയി വർധിച്ചു.റിഹാനയുടെ നിലപാടിനും ചങ്കൂറ്റത്തിനുമുള്ള അംഗീകാരമാണിതെന്ന് വിലയിരുത്തുന്നവരുണ്ട്.

“വൈ ആർ നോട്ട് വീ ടോക്കിങ് എബൌട്ട് ദിസ്?”
“എന്തുകൊണ്ടാണ് നമ്മൾ ഇതേ പറ്റി സംസാരിക്കാത്തത്?” ട്രാക്ടർ റാലിയെ തുടർന്ന് കേന്ദ്രസർക്കാർ ഇന്റര്നെറ് കട്ട്‌ ചെയ്തുവെന്ന വാർത്തയോടൊപ്പം പോപ്പ് ഗായിക റിഹാന ട്വിറ്ററിൽ പങ്ക് വെച്ച ഈ വാചകങ്ങളാണ് വലിയ വിമര്ശങ്ങളിലേക്കും ചർച്ചകളിലേക്കും വഴിതുറന്നത്. ബോളിവുഡ് താരങ്ങൾ, കേന്ദ്രസർക്കാർ കേന്ദ്രങ്ങൾ, ക്രിക്കറ്റ്‌ താരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ റിഹാനയുടെ ട്വീറ്റിനെ പ്രതിരോധിച്ച് രംഗത്തെത്തി.

റിഹാനയെ വിഡ്ഢിയെന്നാണ് ബോളിവുഡ് നടി കങ്കണ റനൗട്ട് വിശേഷിപ്പിച്ച്. സമരക്കാർ കർഷകരല്ലെന്നും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്നും കങ്കണ ആരോപിച്ചു. വിദേശികൾ കാഴ്ചക്കാരായി ഇരുന്നാൽ മതിയെന്നും പ്രതിനിധികളാകാൻ ശ്രമിക്കേണ്ടെന്നും ക്രിക്കറ്റ്‌ താരം സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചു.സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും സച്ചിന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ അനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനുള്ള പ്രീണനമാണ് സച്ചിൻ നടത്തുന്നതെന്ന വലിയ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നു. ബിജെപി ക്കാരായ കായികതാരങ്ങളിൽ ഒരാൾകൂടി എത്തിയെന്ന് സച്ചിനെ കുറ്റപ്പെടുത്തുന്നവരുമുണ്ട്.

രാജ്യത്തെ മുതിർന്ന അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത്ഭൂഷനും സച്ചിനെതിരെ രംഗത്തെത്തി. കർഷകർ സമരം ചെയ്തപ്പോഴും സമരഭൂമിയിലെ വൈദ്യുതിയും ഇന്റർനെറ്റും സർക്കാർ ഇല്ലാതാക്കിയപ്പോഴും ബിജെപി ക്കാർ കർഷകരെ അക്രമിച്ചപ്പോഴും വമ്പന്മാരായ ഇന്ത്യൻ സെലിബ്രിറ്റികൾ മിണ്ടാതിരിക്കുകയായിരുന്നു. റിഹാനയുൾപ്പടെയുള്ളവർ മിണ്ടിത്തുടങ്ങിയപ്പോൾ അവരും സംസാരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ.
സച്ചിന്റെ കേന്ദ്രസർക്കാർ അനുകൂല ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

റിഹാനയെ കുറ്റപ്പെടുത്തിയും പിന്തുണച്ചും വിവിധ മേഖലയിലുള്ളവരാണ് രംഗത്തെത്തുന്നത്.
സച്ചിന് പുറമേ ഇന്ത്യൻ ക്രിക്കറ്റ്‌ താരം പ്രഗ്യാൻ ഓജയും രഹാനയെ വിമർശിച്ച് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ നിൽക്കേണ്ടെന്നാണ് പ്രഗ്യാൻ ഓജയുടെ പ്രതികരണം.

അതേസമയം ജനസ്വാധീനമുള്ള കൂടുതൽ പേർ കരഷകർക്ക് പിന്തുണയുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിൽ അതിന് തടയിടാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ.വസ്തുതകൾ മനസിലാക്കാതെയുള്ള പ്രവർത്തനങ്ങൾ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്ന് കേന്ദ്ര വിദേശ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗ് , ബോളിവുഡ് താരം തപ്‌സി പന്നു ഉൾപ്പടെയുള്ളവർ നിരന്തരം കർഷക സമരത്തെ പിന്തുണയ്ക്കുന്നത് ഗുണകരമാകുമെന്നാണ് കര്ഷകസംഘടനകളുടെ വിലയിരുത്തൽ.റിഹാന യുടെ ട്വീറ്റിന് പിന്നാലെ കർഷക സമരം ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നത് കേന്ദ്രത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയേക്കുമെന്ന് കർഷകർ കരുതുന്നു.

---- facebook comment plugin here -----

Latest