മ്യാന്മര്‍ പട്ടാള അട്ടിമറി വിരല്‍ചൂണ്ടുന്നത്‌

തീര്‍ത്തും അപലപനീയമാണ് മ്യാന്മറിലെ പട്ടാള അട്ടിമറിയെങ്കിലും അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും പ്രതിഷേധിച്ചതല്ലാതെ ആഗോളതലത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. ഓംഗ് സാന്‍ സൂചിയുടെ ജനപ്രീതിയിലും പ്രതിച്ഛായയിലും സംഭവിച്ച ഇടിവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Posted on: February 3, 2021 4:01 am | Last updated: February 3, 2021 at 12:45 am

മ്യാന്മറിന്റെ ഭരണഘടന ഉടച്ചു വാര്‍ക്കാനുള്ള നീക്കം ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കും (എന്‍ എല്‍ ഡി) നേതാക്കള്‍ക്കും വിനയായി. ഭരണ അട്ടിമറിയിലൂടെ ഓംഗ് സാന്‍ സൂചിയുള്‍പ്പെടെ പ്രമുഖ എന്‍ എല്‍ ഡി നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സൈനിക നേതൃത്വം. കഴിഞ്ഞ നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ എന്‍ എല്‍ ഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്നതിന്റെ തലേന്നായിരുന്നു സൈനിക നടപടി. രാജ്യത്ത് ഔദ്യോഗിക ടി വി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പേരിന് ജനാധിപത്യ രാജ്യമെങ്കിലും അധികാരം പൂര്‍ണമായും വിട്ടുകൊടുക്കാന്‍ സൈന്യം ഇതുവരെ സന്നദ്ധമായിട്ടില്ല.

2008ല്‍ സൈന്യം തയ്യാറാക്കിയ ഭരണഘടനയാണ് മ്യാന്മറിലേത്. ഓംഗ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തി സൈന്യത്തിന് വ്യക്തമായ അധികാരം നല്‍കുന്ന രീതിയിലാണ് ഭരണഘടന തയ്യാറാക്കിയത്. വിദേശ പൗരത്വമുള്ള മക്കള്‍ ഉള്ളവര്‍ക്ക് പ്രസിഡന്റാകാന്‍ കഴിയില്ലെന്ന വ്യവസ്ഥയാണ് ഓംഗ് സാന്‍ സൂചിക്ക് പ്രസിഡന്റ് പദത്തില്‍ വരുന്നതിനു തടസ്സം. പാര്‍ലിമെന്റിലേക്ക് 25 ശതമാനം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന് അധികാരമുണ്ട്. സൈന്യത്തെ നിയന്ത്രിക്കുന്ന പ്രതിരോധ വകുപ്പ് മന്ത്രിയെയും പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരവും സൈനിക മേധാവിക്കാണ്. തങ്ങള്‍ അധികാരത്തിലേറിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് എന്‍ എല്‍ ഡി നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ 440 സീറ്റുകളില്‍ 346ഉം സ്വന്തമാക്കിയ എന്‍ എല്‍ ഡിക്ക് അധികാരത്തിലെത്തിയാല്‍ ഭരണഘടനാ ഭേദഗതിക്ക് മറ്റാരുടെയും സഹായം ആവശ്യമുണ്ടാകുമായിരുന്നില്ല. അതേസമയം അധികാരത്തില്‍ നിര്‍ണായക സ്വാധീനമുള്ള സൈനിക തലവന്മാര്‍ക്ക് വെല്ലുവിളിയാണ് ഭരണഘടനാ പരിഷ്‌കരണം. ഇതാണ് സൈനിക അട്ടിമറിക്ക് പ്രേരകമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നു, കൃത്രിമ മാര്‍ഗേണയാണ് എന്‍ എല്‍ ഡി ഭൂരിപക്ഷം നേടിയത്, ജനാധിപത്യത്തെ അവര്‍ നോക്കുകുത്തിയാക്കി എന്നൊക്കെയാണ് സൈനിക നടപടിക്ക് പട്ടാള മേധാവികള്‍ പറയുന്ന കാരണം. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ പല ന്യൂനപക്ഷ ഗോത്രവിഭാഗങ്ങള്‍ക്കും എന്‍ എല്‍ ഡി സര്‍ക്കാര്‍ വോട്ടവകാശം നിഷേധിച്ച കാര്യം അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതവും ഭരണം പിടിച്ചെടുക്കാനുള്ള അടവുമാണെന്നാണ് ഓംഗ് സാന്‍ സൂചിയും അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും ആരോപിക്കുന്നത്. വീട്ടുതടങ്കലിലാക്കിയ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മുഴുവന്‍ നേതാക്കളെയും ഉടന്‍ വിട്ടയച്ച് ജനവിധി മാനിച്ചുള്ള ഭരണം സ്ഥാപിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കടുത്ത നടപടിക്ക് നിര്‍ബന്ധിതരാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാഖിനെയിലും ബംഗ്ലാദേശിലുമുള്‍പ്പെടെ നരകജീവിതം നയിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ, സൈനിക അട്ടിമറി കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്ര സഭ ആശങ്കപ്പെടുകയുമുണ്ടായി.

മ്യാന്മറില്‍ ഇതാദ്യമല്ല സൈനിക അട്ടിമറി. 1948ല്‍ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിതമായ മ്യാന്മര്‍ (ബര്‍മ) 1962 മുതല്‍ 50 വര്‍ഷത്തോളം പട്ടാള ഭരണത്തിലായിരുന്നു. 2010ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ എല്‍ ഡി ഭൂരിപക്ഷം നേടിയെങ്കിലും അവരെ ഭരണത്തിലേറാന്‍ സൈനിക നേതൃത്വം അനുവദിച്ചില്ല. സൈനിക പിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയെയാണ് അന്ന് വിജയികളായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തു വന്നെങ്കിലും റഷ്യയും ചൈനയും സൈനിക മേധാവികളുടെ തീര്‍പ്പിനെ അനുകൂലിക്കുകയാണുണ്ടായത്. 2015ല്‍ അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് എന്‍ എല്‍ ഡി ഭൂരിപക്ഷം നേടിയെങ്കിലും വിദേശ പൗരത്വമുള്ള മക്കളുള്ളവര്‍ക്ക് പ്രസിഡന്റാകുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതിനാല്‍ അന്ന് സൂചിക്ക് പ്രസിഡന്റാകാനായില്ല.

തീര്‍ത്തും അപലപനീയമാണ് മ്യാന്മറിലെ പട്ടാള അട്ടിമറിയെങ്കിലും അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും പ്രതിഷേധിച്ചതല്ലാതെ ആഗോളതലത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. ഓംഗ് സാന്‍ സൂചിയുടെ ജനപ്രീതിയിലും പ്രതിച്ഛായയിലും സംഭവിച്ച ഇടിവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മ്യാന്മറില്‍ പട്ടാള ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയും ജനാധിപത്യ ഭരണ സംവിധാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെയും ആഗോള ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് ഓംഗ് സാന്‍ സൂചി. നെല്‍സണ്‍ മണ്ടേലക്ക് ശേഷം ആഗോള സമൂഹം ഏറ്റം പ്രതീക്ഷയര്‍പ്പിച്ച വ്യക്തിത്വവുമായിരുന്നു അവര്‍. 1991ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും സൂചിയെ തേടിയെത്തി. 2015ലെ തിരഞ്ഞെടുപ്പില്‍ ഓംഗ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന എന്‍ എല്‍ ഡി അധികാരത്തിലേറിയ ശേഷം റോഹിംഗ്യകള്‍ക്കു നേരേ നടന്ന വംശീയഹത്യയുടെ കാര്യത്തിലുള്ള സൂചിയുടെ നിലപാടു മാറ്റമാണ് ആഗോളതലത്തില്‍ അവരുടെ പ്രതിച്ഛായക്ക് ഇടിവ് തട്ടാന്‍ ഇടയാക്കിയത്. നേരത്തേ റോഹിംഗ്യന്‍ വംശഹത്യയെ രൂക്ഷമായി അപലപിച്ചിരുന്ന സൂചി അധികാരം കൈവന്നതോടെ റോഹിംഗ്യകളെ കൈയൊഴിയുന്ന തരത്തിലേക്ക് നിലപാട് മാറ്റി. സൈനിക നേതൃത്വത്തിന്റെ ഇഷ്ടം ആര്‍ജിച്ച് അധികാരം നിലനിര്‍ത്തുകയായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യമാക്കിയതെങ്കിലും സൈന്യം പിന്നെയും സൂചിയെ ഒരു ഭീഷണിയായി തന്നെ കാണുന്നുവെന്നാണ് ഇപ്പോഴത്തെ പട്ടാള അട്ടിമറി ബോധ്യമാക്കുന്നത്. ഭരണം ലഭിച്ചതുമില്ല, പ്രതിച്ഛായ നഷ്ടവുമായി എന്നതാണ് അവരുടെ വിവേകരഹിതവും ചിന്താശൂന്യവുമായ നയംമാറ്റത്തിന്റെ ഫലം.