Connect with us

Kerala

പഠിക്കുന്നില്ലെന്ന പേരില്‍ പതിവായി എട്ടുവയസുകാരനെ ചട്ടുകം വെച്ച് പൊള്ളിക്കുന്നു; അടൂരില്‍ പിതാവ് അറസ്റ്റില്‍

Published

|

Last Updated

അടൂര്‍ | എട്ടു വയസുള്ള മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 31കാരനായ യുവാവിനെയാണ് അടൂര്‍ എസ് ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പള്ളിക്കല്‍ പഴകുളം കടമാന്‍ കുളത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് കുടുബം. കഴിഞ്ഞ 30 ന് വൈകിട്ട് ചട്ടുകം ചൂടാക്കി വലതു കാലില്‍വെച്ച് പൊള്ളലേല്‍പ്പിച്ചുവെന്നാണ് മാതാവ് പോലീസിന് നല്‍കിയ മൊഴി.

സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. പിതാവ് ജോലിക്ക് പോയപ്പോള്‍ കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു. വൈകീട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോള്‍ അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച് വെക്കുകയായിരുന്നു. വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത് പോലീസിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ദീപാ ഹരി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ പല ശരീര ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

പഠിക്കുന്നില്ലെന്ന പേരില്‍ പിതാവ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ചട്ടുകം പൊള്ളിച്ച് ശരീരത്ത് വയ്ക്കുന്നതായിരുന്നു പതിവെന്നും സി ഡബ്യു സി നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് വിസമ്മതിക്കുകയും ചെയ്തു. ഇതു കാരണം കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷം മാത്രമേ അറിയുകയുള്ളൂ. അറസ്റ്റിലായ പിതാവിനെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest