Connect with us

Editorial

കാക്കിയില്‍ കറ പുരളുമ്പോള്‍

Published

|

Last Updated

പോലീസ് തലപ്പത്തെ അഴിമതികളെക്കുറിച്ച് കഥകള്‍ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പോലീസിന്റെ തോക്കുകള്‍ അപ്രത്യക്ഷമായത്, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേട് നടത്തിയെന്ന റിപ്പോര്‍ട്ട്, സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം (സിംസ്) നടത്തിപ്പിലെ ക്രമക്കേട്… ഇവക്കു പിന്നാലെ ഇപ്പോള്‍ അടൂര്‍ ബറ്റാലിയനിലെ പോലീസ് സബ്‌സിഡിയറി കാന്റീനില്‍ നടക്കുന്ന അഴിമതി സംബന്ധിച്ച വിവരവും പുറത്തു വന്നിരിക്കുന്നു. കെ എ പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐ പി എസ് നടത്തിയ അന്വേഷണത്തിലാണ് അടൂര്‍ കാന്റീനിലെ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങി, 11.33 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ല, രണ്ട് ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി തുടങ്ങിയ ക്രമക്കേടുകളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദേശ പ്രകാരമാണ് അനധികൃത വാങ്ങിക്കൂട്ടല്‍ നടന്നതെന്നും പോലീസ് ആസ്ഥാനത്തെ ഒരു വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദേശം ഇതിന്റെ പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംസ്ഥാനത്തെ താരതമ്യേന ചെറിയ പോലീസ് കാന്റീനുകളിലൊന്നാണ് അടൂരിലേത്. ഇവിടെ തന്നെ ഇത്രയേറെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കില്‍ മറ്റു കാന്റീനുകളിലും സമാനമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടാകാമെന്നും കമാന്‍ഡന്റ് ജയനാഥ് നിരീക്ഷിക്കുന്നു. കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീന്‍ കമ്മിറ്റികള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍, പുറത്തുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് അഭികാമ്യമെന്നും ചൂണ്ടിക്കാട്ടുന്നു. കാന്റീന്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാനതല സമിതി രൂപവത്കരിക്കുക, സംസ്ഥാനതല കോ ഓര്‍ഡിനേറ്ററായി കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥനെ നിയമിക്കുക, പഴകിയ സാധനങ്ങള്‍ കമ്പനികള്‍ക്ക് മടക്കി നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കുക, കാന്റീന്‍ ഉത്പന്നങ്ങള്‍ പൊതു വിപണിയില്‍ വില്‍പ്പനക്ക് എത്തുന്നത് തടയുക, കാന്റീന്‍ നടത്തിപ്പിന് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തത്്സ്ഥാനത്ത് തുടരാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ടില്‍ പോലീസ് വകുപ്പിനും മേധാവി ലോക്‌നാഥ് ബെഹ്‌റക്കുമെതിരെ രേഖപ്പെടുത്തുന്നത്. പോലീസ് സേനയുടെ നവീകരണത്തിന് അനുവദിച്ച പണം ആഡംബര കാറുകള്‍ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തി, വി ഐ പി, വി വി ഐ പി സുരക്ഷക്കായി വാഹനങ്ങള്‍ വാങ്ങിയതില്‍ സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാന്വല്‍ പാലിച്ചില്ല, എസ് ഐ, എ എസ് ഐമാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ അനുവദിച്ച വിഹിതം മുന്‍കൂര്‍ അനുമതിയില്ലാതെ വകമാറ്റി, അത് ഉപയോഗിച്ച് പോലീസ് മേധാവിക്കും എ ഡി ജി പിക്കും വില്ലകള്‍ പണിതു തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് മേധാവിക്കു നേരേ ഉന്നയിച്ചത്. സംസ്ഥാനത്തെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നിരിക്കെയാണ് അത് പരിഹരിക്കാതെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ആഡംബര കാറുകള്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള ഫണ്ട് വകമാറ്റിയ കാര്യം സി എ ജി റിപ്പോര്‍ട്ട് വരുന്നതിനു മുമ്പേ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചതാണ്. പോലീസിന്റെ അധീനതയിലുള്ള 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ല, ഇത് കണ്ടുപിടിക്കാതിരിക്കാന്‍ പകരം ഡമ്മി വെടിയുണ്ടകള്‍ വെച്ചതായും സി എ ജി ആരോപിക്കുന്നു.

പോലീസ് വകുപ്പിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്നതാണ് കെല്‍ട്രോണുമായി ചേര്‍ന്ന് പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സുരക്ഷയൊരുക്കാനുള്ളതാണ് “സിംസ്” പദ്ധതി. ഗാലക്‌സന്‍ എന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണിത് നടപ്പാക്കുന്നത്. പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിംസിന്റെ കണ്‍ട്രോള്‍ റൂമില്‍ സ്വകാര്യ കമ്പനിയുടെ ഒരു പ്രതിനിധി മുഴുവന്‍ സമയവുമുണ്ടായിരിക്കുമെന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഏറെ വിമര്‍ശന വിധേയമായ വിഷയം. ഇത് പോലീസ് വകുപ്പിന്റെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുകയും സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട വിഭാഗമാണ് പോലീസ്. സേനയുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ക്രമസമാധാനവും അഴിമതി നിര്‍മാര്‍ജനവും ഉറപ്പ് വരുത്താനാകൂ. സേനക്കുള്ളില്‍ തന്നെ വിശിഷ്യാ അതിന്റെ ഉന്നത തലങ്ങളില്‍ അഴിമതിയുടെ കറപുരളുന്നുവെന്ന വാര്‍ത്ത ഉത്കണ്ഠാജനകമാണ്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്നാണല്ലോ ചൊല്ല്. മൂന്നാംമുറ, തീവ്രവാദ വിരുദ്ധ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികളെ വേട്ടയാടല്‍, അന്യായമായ തടങ്കല്‍, കേസുകള്‍ അട്ടിമറിക്കല്‍ തുടങ്ങി പോലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തിലെ വീഴ്ചകളെയും അപാകതകളെയും സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. ഇതിനിടയില്‍ സേനയില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും അരങ്ങേറുന്നുവെന്ന ധാരണ പരക്കാന്‍ ഇടവരുന്നത് പോലീസിന്റെ വിശ്വാസ്യതയെ മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായയെ തന്നെയും ബാധിക്കും. ആരോപണങ്ങള്‍ പലതും ശരിയാകണമെന്നില്ല. എന്നാല്‍ കേവലം നിഷേധ പ്രസ്താവന കൊണ്ടല്ല, സമഗ്രമായ അന്വേഷണത്തിലൂടെയായിരിക്കണം ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത്. പോലീസിലെ അഴിമതി തടയാന്‍ ആഭ്യന്തര വിജിലന്‍സ് സമിതി (ഇന്റേനല്‍ വിജിലന്‍സ് സെല്‍) പോലുള്ള സംവിധാനങ്ങളുണ്ടെങ്കിലും പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഇത്തരം സംവിധാനങ്ങള്‍ക്ക് പരിധിയും പരിമിതികളുമുണ്ട്. ഉന്നതങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് ആഭ്യന്തര സമിതികള്‍. കമാന്‍ഡന്റ് ജയനാഥിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതു പോലെ പുറത്തു നിന്നുള്ള ഏജന്‍സികളുടെ അന്വേഷണമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദം.