Editorial
വൈറ്റ്ഹൗസില്‍ ബൈഡന്‍ വരുമ്പോള്‍

ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അതിന്റെ വോട്ടെണ്ണലിലും ഫലപ്രഖ്യാപനത്തിന് പിറകേയും അരങ്ങേറിയ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ യശസ്സിന് ഏല്‍പ്പിച്ച കളങ്കം അതീവ ഗുരുതരമായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ ഏജന്‍സികള്‍ ചൊരിയാറുള്ള മുഴുവന്‍ ആക്ഷേപങ്ങളും ഒറ്റയടിക്ക് വാഷിംഗ്ടണ്‍ ഡി സിയില്‍ പുലരുന്നത് കണ്ടു. പ്രസിഡന്‍ഷ്യല്‍ ഡിക്ലറേഷന് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സംഗമിച്ച ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂല വൈറ്റ് സൂപ്രമാസിസ്റ്റുകള്‍ ഇരച്ചു കയറി. എല്ലാ സുരക്ഷാ സംവിധാനങ്ങളും അപ്രസക്തമായി. അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ തലകുനിഞ്ഞു. സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപ് രണ്ട് തവണ ഇംപീച്ച്‌മെന്റിന് വിധേയമാകുന്ന പ്രസിഡന്റായി. തന്റെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എങ്ങനെയെങ്കിലും കുറച്ച് വോട്ടുകള്‍ കണ്ടെത്തിത്തരണമെന്ന് ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് കെഞ്ചുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ശബ്ദ സന്ദേശമുള്‍പ്പെടെ പുറത്തുവന്നു. പ്രസിഡന്‍ഷ്യല്‍ ഇനാഗ്വ്രേഷനിലൂടെ ഡെമോക്രാറ്റ് അംഗം ജോ ബൈഡന്‍ 46ാമത് പ്രസിഡന്റായി അധികാരമേറ്റത് ഈ ഭീകരാവസ്ഥയുടെ നിഴലിലാണ്. വാഷിംഗ്ടണ്‍ ഡി സിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയുധധാരികളായ പട്ടാളക്കാരുടെ വലയത്തിലായിരുന്നു നഗരം. ഏത് നിമിഷവും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വെര്‍ച്വലായി മാത്രം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് ജോ ബൈഡന്‍ ആഹ്വാനം ചെയ്തത് കൊവിഡ് വ്യാപനം കൊണ്ട് മാത്രമായിരുന്നില്ല. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്തായിരുന്നു. മഹത്തായ രാജ്യത്തിന്റെ ദുരവസ്ഥ!
ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുക എന്നത് തന്നെയായിരിക്കും ജോ ബൈഡന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. നാല് വര്‍ഷത്തെ ട്രംപിന്റെ ഭരണം വെള്ള മേധാവിത്വവാദികളെയും സയണിസ്റ്റുകളെയും നവ നാസികളെയും എല്ലാതരം തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെയും അതിശക്തരാക്കിയിട്ടുണ്ട്. സമാന്തര ഭരണകൂടമെന്ന നിലയിലേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഇത്തരം സംഘങ്ങളുടെ ആദര്‍ശ പുരുഷനായി ട്രംപ് മാറുകയും ചെയ്തു. അമേരിക്കന്‍ പോലീസ്, ഉദ്യോഗസ്ഥ വ്യവസ്ഥയിലും വംശീയത ഇത്രമാത്രം ആഴത്തില്‍ വേരൂന്നിയ കാലമുണ്ടായിട്ടില്ല. ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച് കൊല്ലുന്ന ദൃശ്യം ഒറ്റപ്പെട്ടതായിരുന്നില്ല. അത്തരത്തില്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ നിരവധി അരങ്ങേറി. ബ്ലാക്‌ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ ആഫ്രോ ഏഷ്യന്‍ വംശജരുടെ കൂറ്റന്‍ പ്രക്ഷോഭം അരങ്ങേറി. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് അത് നേടിയത്. കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി ഗോദയിലിറങ്ങിയ ബൈഡന്‍ തുടക്കത്തില്‍ പതറിയിരുന്നു. അദ്ദേഹത്തെ അവസാന ഘട്ടത്തില്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഈ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച പൊതു ബോധം പ്രധാന പങ്കുവഹിച്ചു. അതുകൊണ്ട് ഒരു ഭാഗത്ത് വെള്ള മേധാവിത്വവാദികള്‍ സംഘടിത ശക്തിയാകുമ്പോള്‍ തന്നെ കറുത്തവരും കുടിയേറ്റക്കാരും മാല്‍കം എക്‌സിന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും ആശയങ്ങള്‍ മുന്‍നിര്‍ത്തി ഐക്യനിര ഉയര്‍ത്തുന്നുമുണ്ട്. ട്രംപിന്റെ തുടര്‍ച്ചയല്ല താനെന്ന് തെളിയിക്കണമെങ്കില്‍ ബൈഡന്‍ ഈ പ്രതിസന്ധിയെ മറികടന്നേ തീരൂ. ഏതൊരു അമേരിക്കന്‍ പ്രസിഡന്റിനേയും വലയം ചെയ്യുന്ന വംശീയ മുന്‍ഗണന മറികടന്ന് നീതിപൂര്‍വമായ നയത്തിലേക്ക് നീങ്ങാന്‍ ബൈഡന് സാധിക്കേണ്ടിയിരിക്കുന്നു.
കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് കാണിച്ച അലംഭാവമാണ് ബൈഡനെ പ്രസിഡന്റാക്കിയ മറ്റൊരു ഘടകം. കൊവിഡിനോടുള്ള ട്രംപിന്റെ നിസ്സാരഭാവം ആ ജനതയെ അരക്ഷിതാവസ്ഥയിലാക്കുകയായിരുന്നുവല്ലോ. പൊതു ആരോഗ്യരംഗം പൊളിച്ചു പണിതുകൊണ്ടേ ബൈഡന് ഈ തെറ്റുകള്‍ തിരുത്താനാകൂ. കുടിയേറ്റ നയത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് ബൈഡന്‍ തയ്യാറാകുമെന്ന് ഉറപ്പായിട്ടുണ്ട്. അടച്ചിട്ട അമേരിക്ക വളര്‍ച്ച മുരടിച്ച അമേരിക്കയായിരിക്കുമെന്ന നിലപാടിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ ഉടന്‍ കൊണ്ടുവരും. ഈ വര്‍ഷം ജനുവരിയില്‍ നിയമപരമല്ലാതെ അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള താത്കാലിക നിയമസാധുതയോ ഗ്രീന്‍ കാര്‍ഡോ നല്‍കാനാണ് ആലോചിക്കുന്നത്. താത്കാലിക പദവി ലഭിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം പൗരത്വം ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളായിരിക്കെ നിയമവിരുദ്ധമായി യു എസിലെത്തിയവര്‍, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ചില മുസ്‌ലിം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകളും ബൈഡന്റെ ആദ്യ ദിനങ്ങളിലുണ്ടാകുമെന്നാണ് സൂചന. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബൈഡന്റെ വരവ് നിലവിലുള്ള സ്ഥിതിയില്‍ വലിയ മാറ്റം വരുത്തില്ല. വിശിഷ്ട സുഹൃത്ത് തന്നെയായിരിക്കും ഇന്ത്യ. എന്നാല്‍ പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കും ബൈഡന്‍. ചൈനയുമായി പാക്കിസ്ഥാന്‍ കൈകോര്‍ക്കുന്നത് അപകടമാണെന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിക്കുക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഊഷ്മളമാകണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെക്കും. അതിനെ ഇന്ത്യ അവസരമാക്കുമോ എന്നതാണ് ചോദ്യം. ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതും ഉപരോധം പിന്‍വലിക്കുന്നതും ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കും. ഛബാഹര്‍ തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകാനും ഇന്ത്യക്ക് സാധിക്കും.
മധ്യപൗരസ്ത്യ ദേശത്ത്, പ്രത്യേകിച്ച് ഫലസ്തീന്‍ വിഷയത്തില്‍ ബൈഡന്‍ സ്വീകരിക്കുന്ന നയങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്‌റാഈലിന്റെ അധിനിവേശ നയത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ട്രംപില്‍ നിന്ന് എത്രമാത്രം വ്യത്യസ്തനാകും ബൈഡനെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.