National
കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള പത്താംഘട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി | ജനദ്രോഹ കര്‍ഷ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരുമായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പത്താംഘട്ട ചര്‍ച്ച നടത്തും. ഉച്ചക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഈ നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്നപരിഹാരം അകലെയാകും.
താങ്ങുവിലയുടെ നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടും. കര്‍ഷക നേതാക്കള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ എന്‍ ഐ എ നോട്ടിസ് നല്‍കിയത് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. ക്രമസമാധാനവും ഗതാഗത കുരുക്കും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടും. പോലീസ് അനുമതി ലഭിച്ചില്ലെങ്കിലും സമാധാനപൂര്‍വം ട്രാക്ടര്‍ റാലി നടത്താന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.