Kerala
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്; കരാര്‍ ഒപ്പിട്ടതായി വിമാനത്താവള അതോറിറ്റി

ന്യൂഡല്‍ഹി | തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് വിമാനത്താവള അതോറിറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 50 വര്‍ഷത്തേക്കാണ് കരാര്‍. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഇതോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പ്രവര്‍ത്തനം, വികസന നടപടികള്‍ എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിര്‍വഹിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് വിമാനത്താവള നടത്തിപ്പിനുള്ള കരാര്‍ അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറിയത്.
വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു.