Connect with us

Travelogue

വിസ്മയം തീർത്തവരുടെ വിശ്രമ സങ്കേതങ്ങൾ

Published

|

Last Updated

അബ്ദുല്ലാഹിൽ ഐദറൂസ് (റ) ന്റെ മഖാം

ദാറുൽ മുസ്ഥഫയിലെ പള്ളിയിൽ വെച്ചാണ് അമീൻ ബക്സ്റ്റൺ എന്ന ഇംഗ്ലീഷുകാരനെ പരിചയപ്പെടുന്നത്. ഖമീസും തൊപ്പിയും ധരിച്ച ഒരു വെള്ളക്കാരൻ കിതാബ് മറിച്ചു വെച്ച് സൂക്ഷ്മമായി എന്തോ വായിക്കുന്നത് കണ്ടപ്പോൾ, കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നത്. ഒരു ബ്രിട്ടീഷ് പൗരനോട് ആദ്യമായാണ് നേരിട്ട് സംസാരിക്കുന്നത്. വിനയവും വിജ്ഞാനവും അദ്ദേഹത്തിന്റെ വാക്കുകളിലും പെരുമാറ്റത്തിലും തുളുമ്പുന്നുണ്ട്. തരീമിന്റെ ആത്മീയ പരിസരം എത്രത്തോളം അദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. ലണ്ടനിൽ ജനിച്ചു വളർന്ന അമീൻ ബക്സ്റ്റൺ 1999 ലാണ് ഇസ്്ലാം സ്വീകരിച്ചത്. പിന്നീട് ലണ്ടനിലെ സ്‌കൂൾ ഓഫ് ആഫ്രിക്കൻ ആൻഡ് ഓറിയന്റൽ സ്റ്റഡീസിൽ നിന്ന് അറബിയിലും ഇസ്്ലാമിക് സ്റ്റഡീസിലും ബിരുദം നേടി. ശേഷം, ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി 2003 ലാണ് അദ്ദേഹം ദാറുൽ മുസ്ഥഫയിലെത്തുന്നത്. ഇതോടെ ആഴത്തിലുള്ള ഇസ്്ലാമിക വൈജ്ഞാനിക പഠന സപര്യയാരംഭിച്ചു. ഇസ്്ലാം ആശ്ലേഷണത്തിന് ശേഷമുള്ള നീണ്ട വർഷങ്ങളുടെ ദീനി പഠനങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ ആപാദചൂഡം മാറ്റിമറിച്ചിരിക്കുന്നു. അറബി ഭാഷയിൽ അനായാസം സംസാരിക്കാനും അറബി ഗ്രന്ഥങ്ങൾ മികവോടെ കൈകാര്യം ചെയ്യാനും അദ്ദേഹം പ്രാപ്തി നേടിയിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് ശേഷം തരീമിലെ ഫത്വ ബോർഡ് അംഗം ശൈഖ് ഉമർ ഹുസൈൻ അൽ ഖത്വീബിന്റെ ക്ലാസിൽ ഞങ്ങൾ സഹപാഠികളായി. ക്ലാസിൽ സംശയങ്ങൾ ഉന്നയിക്കുകയും അതിന് നിവാരണം കണ്ടെത്തുകയും ചെയ്ത് ശാഫിഈ കർമശാസ്ത്ര മസ്അലകൾ ഇഴകീറി പഠിക്കാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ആരെയും പ്രചോദിപ്പിക്കുന്നതായിരുന്നു. കഴിവുറ്റ എഴുത്തുകാരനും വിവർത്തകനുമാണ് അമീൻ ബക്സ്റ്റൺ. ഹബീബ് ഉമറിന്റെ ക്ലാസുകളും ചില കൃതികളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സ്‌കോട്ട്്ലാന്റിന്റെ തലസ്ഥാനമായ എഡിൻ ബർഗിലെ ന്യൂ ടു ഇസ്്ലാം എഡിൻബർഗ്, റഫ ഇന്റർനാഷനൽ തുടങ്ങിയ പേരിൽ നടക്കുന്ന നിരവധി വിദ്യാഭ്യാസ സമൂഹിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തമാണ് Imams of the Valley. കഴിഞ്ഞ കാലങ്ങളിൽ ഹളർമൗത്തിന്റെ മണ്ണിൽ ആത്മീയ വെളിച്ചം നൽകി കടന്നുപോയ ആത്മജ്ഞാനികളുടെ ജീവചരിത്രം വിശദീകരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള രചനയാണിത്. സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒട്ടനവധി മഹത്തുക്കളെ അദ്ദേഹത്തിന്റെ ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.
സമ്പൽ മഖ്ബറയിൽ, ആർക്കും കാണാവുന്ന വിധം ഉയർന്ന് നിൽക്കുന്ന ഖുബ്ബക്കുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുല്ലാഹിൽ ഐദറൂസി(റ)ന്റെ മഖാം സിയാറത്തിന് ശേഷം ഞങ്ങൾ പുറത്തിറങ്ങി. അവിടെ നിന്നും മുന്നോട്ട് നോക്കിയാൽ ആത്മീയ സരണിയിലെ അതികായനും വൈജ്ഞാനിക ലോകത്തെ സൂര്യതേജസ്സുമായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ)ന്റെ മഖാം കാണാം. മണ്ണും മരത്തടിയുമുപയോഗിച്ച് മേലാപ്പ് കെട്ടിയിരിക്കുന്ന മഖാമിന്റെ നിലത്ത് കാർപറ്റ് വിരിച്ച് സന്ദർശകർക്ക് ഇരിക്കാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ചുറ്റിലും ഹദ്ദാദ് ഖബീലയിലെ വിശ്രുതരുടെ ധാരാളം ഖബറുകളും കാണാം.
ഹിജ്‌റ 1044 സ്വഫർ അഞ്ചിന് തിങ്കളാഴ്ചയാണ് ഇമാം അബ്ദുല്ലാഹിബ്‌നു അലവി അല് ഹദ്ദാദ് (റ) ജനിച്ചത്.

സൂഫിയും ജ്ഞാനിയുമായ ഹബീബ് അലവി ബിൻ മുഹമ്മദ് അൽ ഹദ്ദാദ് (റ) ആണ് പിതാവ്. ഹിജ്‌റ 1072ൽ വഫാത്തായ അദ്ദേഹത്തിന്റെ ഖബർ, മഖാമിലേക്കുള്ള നടപ്പാതയുടെ ഇടതുവശത്തായി കാണാം. നാലാം വയസ്സിൽ വസൂരി കാരണം ഇമാമിന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും പഠന വഴികളിൽ ഇതൊന്നും തടസ്സമായില്ല. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. ശേഷം കർമശാസ്ത്ര ഗ്രന്ഥങ്ങളും ഗസ്സാലി (റ) വിന്റെ കനപ്പെട്ട കിതാബുകളും പഠിച്ചു. പതിനേഴാം വയസ്സ് മുതൽ തരീമിലെ മസ്ജിദുൽ ഹുജൈറയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആരാധനയിൽ ആനന്ദം കണ്ടെത്തി ഭൗതികാസക്തികളിൽ നിന്നും പൂർണമായും ഇമാം വിട്ടുനിന്നു. പക്ഷേ, ജനങ്ങളുടെ തുടർച്ചയായുള്ള ആവശ്യം മാനിച്ച് ആത്മീയകർമങ്ങൾക്ക് പുറമെ മഹാൻ വിജ്ഞാന കുതുകികളുടെ ദാഹമകറ്റുന്ന ആശാകേന്ദ്രമായി മാറി.

തരീമിലെ ഘോഷയാത്ര

ആധ്യാത്മിക, ജ്ഞാന രംഗങ്ങളിൽ മുഴുശ്രദ്ധ പതിപ്പിച്ച തന്റെ മഹദ്ജീവിതത്തിനിടയിൽ ഗ്രന്ഥരചനകൾക്കും ദിക്‌റുകളുടെ ക്രോഡീകരണത്തിനും ഇമാം സമയം കണ്ടെത്തിയിരുന്നു. ഇമാം ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങൾക്ക് ശേഷം അധ്യാത്മ പഠനത്തിനായി ഉപയോഗിക്കുന്ന അധിക ഗ്രന്ഥങ്ങളും ഇമാം ഹദ്ദാദ് (റ)ന്റേതാണ്. ഹിജ്‌റ 1069ൽ രചന പൂർത്തിയായ രിസാലത്തുൽ മുദാക്കറ, 1071ൽ പ്രകാശിതമായ ആദാബുസ്സുലൂക്ക്, ഹിജ്‌റ 1114 ൽ തയ്യാറാക്കിയ പ്രബോധകരുടെ കൈപ്പുസ്തകമായ അദ്ദഅവതുത്താമ്മ, അബ്ദുർറഹ്്മാൻ ബാ അബ്ബാദ് ഇമാമിനോട് ചോദിച്ച ചോദ്യങ്ങളുടെ സമാഹാരമായ ഇത്ഹാഫുസ്സാഇൽ, അവിടുത്തെ ജീവിത കാലത്ത് തന്നെ പ്രശംസ നേടിയ ഗ്രന്ഥമായിരുന്ന ഹിജ്‌റ 1089ൽ രചിച്ച അന്നസ്വാഇഹുദ്ദീനിയ്യ തുടങ്ങി ധാരാളം കൃതികൾ ഇമാം രചിച്ചിട്ടുണ്ട്.

ഹദ്ദാദ് റാത്തീബും വിർദുല്ലത്വീഫുമാണ് ദിക്‌റുകൾ ക്രോഡീകരിച്ച പ്രധാന ഗ്രന്ഥങ്ങൾ. ഇവ രണ്ടിനും പിൽക്കാലത്ത് നിരവധി വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 1071ലായിരുന്നു റാതിബുൽ ഹദ്ദാദിന്റെ ക്രോഡീകരണം. ശീഈ വിഭാഗമായ സൈദിയ്യാക്കളുടെ ഹളർമൗത്തിലേക്കുള്ള കടന്നുവരവ് മൂലം ജനങ്ങൾ വഴിപിഴക്കരുതെന്നായിരുന്നു ക്രോഡീകരണത്തിന്റെ താത്പര്യം. ഹളറമി സാദാത്തുക്കളുടെ വരവോടെയാണ് കേരളത്തിൽ റാതിബുൽ ഹദ്ദാദ് വ്യാപിക്കുന്നത്. ബാ അലവി ത്വരീഖത്തിന്റെ പ്രചാരണത്തിൽ വ്യാപൃതനായിരുന്ന ഇമാം എൺപത്തെട്ട് വർഷം ജീവിച്ചു. തരീമിലെ ഹാവിയിൽ, ഇമാം നിർമിച്ച മസ്ജിദുൽ ഫത്ഹിനോട് ചേർന്നുള്ള വസതിയിൽ വെച്ച് ഹിജ്‌റ 1132 ദുൽഖഅദ് ഏഴ് ചൊവ്വാഴ്ച സുബ്ഹി നേരത്താണ് ഹദ്ദാദ് (റ) ഇഹലോകം വെടിഞ്ഞത്.
സമ്പൽ സിയാറത്തിനെത്തിയവർ പലരും നേരത്തെ വന്ന് മഖാമിൽ സ്ഥാനം പിടിച്ചിരിക്കുന്നു. നിറഞ്ഞുനിൽക്കുന്ന മഖാമിലെ ഭക്തിസാന്ദ്രമായ നിശ്ശബ്ദതയിലേക്കാണ് ഹബീബ് ഉമറും ഹബീബ് അലി അൽ മശ്ഹൂറും കടന്നുവരുന്നത്. പിന്നീട് യാസീൻ പാരായണവും ഹദ്ദാദ് തങ്ങളുടെ കവിതാ ശകലങ്ങളുടെ ആലാപനവും ആത്മീയ ഉപദേശവുമാണ് നടക്കുന്നത്.

അമീൻ ബക്സ്റ്റൺ രചിച്ച “ഇമാംസ് ഓഫ് ദ വാലി”

വിശാലമായ സമ്പൽ മഖ്ബറയുടെ ഒരറ്റത്തുള്ള വലിയ മതിൽക്കെട്ടിനകത്ത് വിശ്രമിക്കുന്ന എഴുപതോളം സ്വഹാബികളെ സിയാറത്ത് ചെയ്ത് കൊണ്ടാണ് ഓരോ വെള്ളിയാഴ്ചയും നടക്കുന്ന സമ്പൽ മഖ്ബറ സന്ദർശനത്തിന് സമാപനം കുറിക്കുന്നത്. സിയാദ് ബിൻ ലബീദിൽ അൻസ്വാരി (റ) ന്റെ നേതൃത്വത്തിൽ ഇസ്്ലാമിക പ്രബോധനത്തിനായി ഹളർമൗത്തിലേക്ക് അബൂബക്കർ (റ) പറഞ്ഞയച്ചവരാണവർ. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളും അവരോടൊപ്പമുണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

തരീമുകാർക്ക് ബദ്ർ ഒരു വികാരമാണ്. റമസാൻ പതിനേഴിന്, ബദ്‌രീങ്ങങ്ങളുടെ ഓർമദിനത്തിൽ തരീമിൽ വലിയ റാലി നടക്കാറുണ്ട്. പരിശുദ്ധ ദീനിന്റെ യശസ്സിനുവേണ്ടി പൊരുതിയ സ്വഹാബി വര്യരുടെ സ്മരണകളിൽ അന്ന് തരീം പുളകിതമാകും. ബദ്‌രീങ്ങളുടെ മദ്ഹുകളുമായി എല്ലാവരും നാഥനോട് നന്ദി പറയും. അവരാണല്ലോ ദീനിനെ പടുത്തുയർത്തിയത്. ബദ്‌റിന്റെ വിജയത്തിൽ അവർ ഏറെ സന്തോഷിക്കും. ദഫ് മുട്ടി മദ്ഹുകൾ പാടി റാലിയുടെ ഹരം മുറുകും. റാലിയിൽ വലിയ കൊടിക്കൂറകളും മറ്റു അലങ്കാരങ്ങളുമൊക്കെയുണ്ടാകും. ഹബീബ് ഉമറിനെയും മറ്റു സയ്യിദന്മാരെയും റാലിയുടെ മുൻനിരയിൽ തന്നെ കാണാം. അന്നേ ദിവസം തന്നെയാണ് ദാറുൽ മുസ്ഥഫയിൽ നടക്കുന്ന തറാവീഹ് നിസ്‌കാരത്തിൽ ഖുർആൻ ഖത്മ് പൂർത്തിയാകുന്നത്. അന്ന് പള്ളിയും ക്യാമ്പസിന്റെ മുറ്റവും കടന്ന് അടുത്തുള്ള നിരത്തുവരെ ആൾത്തിരക്ക് അനുഭവപ്പെടും. തരീം പരിസരത്ത് ദാറുൽമുസ്ഥഫയിൽ മാത്രമാണ് പതിനേഴിന് ഖത്മ് തീരുന്ന തറാവീഹുള്ളത്. നോമ്പ് പതിനഞ്ച് മുതൽ വ്യത്യസ്ത ദിനങ്ങളിലായി മറ്റു പ്രധാന പള്ളികളിൽ ഖത്മ് മജ്‌ലിസുകൾ നടക്കാറുണ്ട്.