പത്ത് സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യവുമായി ലീഗ്

Posted on: January 12, 2021 9:12 am | Last updated: January 12, 2021 at 4:46 pm

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ്. ഇത്തവണ യു ഡി എഫില്‍ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കണമെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ലീഗിന്റെ ഏഴ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചുരുങ്ങിയത് പത്ത് സീറ്റെങ്കിലും പുതുതായി വേണമെന്നാണ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്. നേരത്തെ മത്സരിക്കുന്ന ജില്ലകള്‍ക്ക് പുറത്തും സീറ്റ് വേണം. വയനാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓരോ സീറ്റ് വേണമെന്നും ലീഗ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെടുന്നു.

നേരത്തെ യു ഡി എഫിലുണ്ടായിരുന്ന ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസ് എമ്മുമെല്ലാം എല്‍ ഡി എഫിലേക്ക് മാറിയതോടെയാണ് ഒഴിയ് വരുന്ന സീറ്റുകളിലേക്ക് ലീഗും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ സീറ്റാണ് ലീഗ് ലക്ഷ്യമിടുന്നത്. നേരത്തെ എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ച സീറ്റാണിത്. ശ്രേയാംസ് എല്‍ ഡി എഫിലേക്ക് പോയതോടെയാണ് ഈ സീറ്റിനായി ലീഗും കോണ്‍ഗ്രസും നീക്കം തുടങ്ങിയത്. കല്‍പ്പറ്റ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്നാണ് ലീഗ് പറയുന്നത്. സീറ്റ് ലഭിച്ചാല്‍ എല്‍ ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടക്കുമെന്നും ലീഗ് ജില്ലാ നേതൃത്വം പറയുന്നു.

എന്നാല്‍ പാര്‍ട്ടി പതിറ്റാണ്ടുകളായി മത്സരിച്ച് വരുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് ഇത്തവണ വേണ്ടെന്ന നിലപാടിലാണ് ലീഗുള്ളത്. ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലുള്ള ഒരു സ്വീകാര്യത ഇപ്പോള്‍ ഇല്ലെന്ന് ലീഗ് കണക്ക് കൂട്ടുന്നു. ഇതിനാല്‍ ക്രിസ്തീയ വോട്ടുകള്‍ നിര്‍ണായകമായ തിരുവമ്പാടി വിട്ടൊഴിയാനാണ് ലീഗ് നീക്കം. പകരം പേരാമ്പ്ര സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണിത്.