സഊദിയില്‍ നിന്ന് 285 ഇന്ത്യന്‍ തടവുകാര്‍ കൂടി നാടണഞ്ഞു

Posted on: January 11, 2021 9:55 pm | Last updated: January 11, 2021 at 9:55 pm

ദമാം  | സഊദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 285 ഇന്ത്യന്‍ തടവുകാര്‍ നാടണഞ്ഞു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവരെ എത്തിച്ചത്. ഇതോടെ കൊവിഡ് കാലത്ത് നാടണഞ്ഞ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 4608 ആയി

കാലാവധി കഴിഞ്ഞ ശേഷം ഇഖാമ പുതുക്കാത്തവര്‍, ഹുറൂബ് കേസില്‍ പെട്ടവര്‍ , തൊഴില്‍ നിയമലംഘനം നടത്തിയവര്‍ എന്നീ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരായിരുന്നു നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നത്.എട്ട് മലയാളികള്‍ , 20 തെലങ്കാന-ആന്ധ്ര സ്വദേശികള്‍, 18 ബിഹാറികള്‍ , 13 ജമ്മുകാശ്മീര്‍ സ്വദേശികള്‍ 12 രാജസ്ഥാനികള്‍, 36 തമിഴ്‌നാട്ടുകാര്‍, 88 ഉത്തര്‍പ്രദേശുകര്‍, 60 പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്നിവരാണ് നാടണഞ്ഞത്

തര്‍ഹീലില്‍ കഴിഞ്ഞവരുടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി,അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരായിരുന്നു രംഗത്തുണ്ടായിരുന്നത്. സഊദിയില്‍ തര്‍ഹീലില്‍ കഴിഞ്ഞിരുന്ന തടവുകാരെ നാട്ടിലയക്കുന്നതിന് ഇതുവരെ പതിനാറ് സര്‍വ്വീസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്തിയത്