പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി ജെ പിയുടെ കാവിക്കൊടി

Posted on: January 11, 2021 12:50 pm | Last updated: January 11, 2021 at 6:25 pm

പാലക്കാട് | നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയതിന് പിന്നാലെ നഗരസഭ പരിസരത്തെ ഗാന്ധി പ്രതിമകള്‍ക്ക് മുകളില്‍ കാവിക്കൊടി പുതപ്പിച്ച് ബി ജെ പി. ഇന്ന് രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബി ജെ പിയുടെ കൊടികൂട്ടിക്കെട്ടിയത് കണ്ടെത്തിയത്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് കാവികൊടി കെട്ടിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് കൊടി ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഴിച്ചുമാറ്റി.

മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ബി ജെ പി ശ്രമിക്കുന്നതെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. ഒരു നഗരസഭയില്‍ ഭൂരിഭക്ഷം ലഭിച്ചപ്പോള്‍ തന്നെ ബി ജെ പിയുടെ അവസ്ഥ ഇതാണ്. ഈ ഫാസിസ്റ്റ് കടന്നു കയറ്റത്തെ കേരള ജനത തിരിച്ചറിഞ്ഞ് പ്രതിരോധിക്കുമെന്നും സി പി എം അറിയിച്ചു.

സംഭവത്തിത്തെ തുടര്‍ന്ന് പാലക്കാട് പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. നഗരസഭയിലെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ ഉപരോധനടമക്കുള്ള പ്രതിഷേധങ്ങള്‍ നടത്തുകയാണ്.