യു എസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറി; പോലീസ് വെടിവെപ്പില്‍ നാല് മരണം

Posted on: January 7, 2021 7:01 am | Last updated: January 7, 2021 at 5:12 pm

വാഷിംഗ്ടണ്‍ | ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി. അക്രമികളെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.

പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ മന്ദിരത്തിനുള്ളിലേക്ക് കടന്നു.

പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘര്‍ഷത്തിനിടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നിറയൊഴിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

മന്ദിരത്തിനുള്ളില്‍ കടന്ന പ്രതിഷേധക്കാരിലൊരാള്‍ സെനറ്റ് അധ്യക്ഷന്റെ കസേരയില്‍ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ അഴിഞ്ഞാടി. കാപ്പിറ്റോള്‍ പോലീസിനെ സഹായിക്കാന്‍ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.

പാര്‍ലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

വീഡിയോ സന്ദേശത്തില്‍ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തുനിഞ്ഞില്ല.