ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ല; റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും

Posted on: January 5, 2021 3:28 pm | Last updated: January 5, 2021 at 9:59 pm

ന്യൂഡല്‍ഹി | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ല. ജനുവരി 26ന് റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ടെലിവിഷന്‍ ചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ മൂന്നാം തവണയും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാചഹചര്യത്തില്‍ ബോറിസ് ജോണ്‍സന്‍ ഇന്ത്യ സന്ദര്‍ശനം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട ശേഷം ബ്രിട്ടണില്‍ നിന്നുള്ള ഒരു ഭരണത്തലവന്‍ ഇന്ത്യയില്‍ എത്തുന്നതും ആദ്യമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇത് രണ്ടാം തവണയാകും. നേരത്തെ 1993ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ പരേഡില്‍ പങ്കെടുത്തിരുന്നു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.