വെള്ളാപ്പള്ളിയിലുള്ളത് അതിതീവ്ര വര്‍ഗീയ വികാരം: ഇ ടി

Posted on: January 4, 2021 8:03 am | Last updated: January 4, 2021 at 8:03 am

കോഴിക്കോട് | പി കെ കുഞ്ഞാലിക്കുട്ടി ക്രസ്തീയ അരമനകള്‍ കേറിയിറങ്ങുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. വെള്ളാപ്പള്ളിയുടെ മനസിലുള്ള അതിതീവ്ര വര്‍ഗീയതയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുള്ളതെന്ന് ഇ ടി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും. മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണം കിട്ടില്ലെന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. യു ഡി എഫിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ വരുംകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.