‘ഫസ്റ്റ് ബെല്‍’: ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും

Posted on: January 3, 2021 7:37 am | Last updated: January 3, 2021 at 9:56 am

തിരുവനന്തപുരം | കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും. പത്തിലെ ക്ലാസുകള്‍ വൈകിട്ട് 05.30 മുതല്‍ 7 വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 6.30 മുതല്‍ 8 വരെ അതേ ക്രമത്തില്‍ നടത്തും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ 5.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 7 മുതല്‍ ഇതേ ക്രമത്തില്‍ നടത്തും.
പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 11 മുതല്‍ 12 വരെയും എട്ട്, ഒമ്പത് ക്ലാസുകള്‍ ഉച്ചക്ക് 2 നും 2.30 നും ആയിരിക്കും. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്ത രൂപത്തില്‍ ഉച്ചക്ക് 12 നും 2 നും ഇടയില്‍ സംപ്രേഷണം ചെയ്യും.

പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായതായി കൈറ്റ് സി ഇ ഒ. കെ അന്‍വര്‍ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവന്‍ ക്ലാസുകളും കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോര്‍ട്ടലിലൂടെ കാണാം. തുടര്‍ന്നുള്ള ക്ലാസുകളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകും.