Kerala
അധികാര ഭിക്ഷ യാജിച്ച് ഓടിയലഞ്ഞ വ്യക്തി; ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ

തിരുവനന്തപുരം | കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ വിളിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ച ഗവര്‍ണറെ കടന്നാക്രമിച്ച് സി പി ഐ മുഖപത്രം. ഭരണഘടനാപദവി രാഷ്ട്രീയ കസര്‍ത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിന് യോഗ്യനാണോ എന്ന് ജനയുഗം ചോദിക്കുന്നു. കേരളം പോലെ രാഷ്ട്രീയ ജനാധിപത്യ, മതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍ എസ് എസ് നിയോഗിച്ചതുതന്നെ അവരുടെ അജന്‍ഡ വേഗത്തിലാക്കാനെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നത്. ഒരു ഭൂരിപക്ഷ സര്‍ക്കാറിന്റെ ശിപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബി ജെ പി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തമാണ്.
കേരളത്തിന്റ സി എ എ വിരുദ്ധ നീക്കത്തിനെതിരെയും ആര്‍ എസ് എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തിറങ്ങിയിരുന്നു.സംഘ്പരിവാര്‍ താത്പര്യങ്ങളുടെ വ്യാപനത്തിന് ഗുണമുണ്ടാക്കാന്‍, ആരിഫിന്റെ അതിരുവിട്ടുള്ള നിലപാടുകള്‍ക്കും രാഷ്ട്രീയപ്രസംഗത്തിനും ഇടംകൊടുക്കുന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ മനോനിലയും ആശങ്കകളുണ്ടാക്കുന്നതാണെന്നും സി പി എ മുഖപത്രം ചൂണ്ടിക്കാട്ടുന്നു.