Connect with us

Articles

സഭയെ കാത്തിരിക്കുന്ന മറന്നുപോയ പാദുകം

Published

|

Last Updated

ജനാധിപത്യവും സന്ദേഹരഹിതവുമായ നിയമ വ്യവസ്ഥ പ്രയോഗിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ചില വ്യവഹാരങ്ങളെ ദീര്‍ഘ കാലം പൗരന്മാര്‍ പിന്തുടരുന്നു. സാമൂഹിക മാനങ്ങള്‍ മാത്രമല്ല ഇത്തരം സംഭവങ്ങളിലൂടെ വിസ്മൃതിയിലാകാതെ ഓര്‍മിപ്പിക്കപ്പെടാന്‍ കാരണമാകുന്നത്. ഭരണകൂട ഇംഗിതമനുസരിച്ച് തേയ്ച്ചുമായ്ക്കപ്പെടാവുന്ന കുറ്റകൃത്യങ്ങള്‍ സമൂഹ ശരീരത്തെയും മനസ്സിനെയും അസ്വസ്ഥമാക്കി കാലങ്ങളോളം നിലനില്‍ക്കുമെങ്കിലും പ്രതീക്ഷയുടെ വെളിച്ചമേകി സാമാന്യ ജനതയെ ത്രസിപ്പിക്കുന്ന അനുഭവമായി ചിലത് പരുവപ്പെടുന്നു.
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ സാമൂഹിക വിഷയങ്ങളായി പരിണമിക്കപ്പെടുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. പ്രസ്ഥാനങ്ങള്‍ തമ്മിലോ അവക്കകത്തോ തലയുയര്‍ത്തുന്ന അസ്വാരസ്യങ്ങള്‍ വ്യവഹാര മണ്ഡലത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും അവ സമൂഹത്തിന്റെ സംവാദങ്ങളായി മാറുകയും ചെയ്യുന്ന അനുഭവങ്ങളും യഥേഷ്ടമുണ്ട്. ഇവക്കൊന്നും ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ മുതിരുന്നില്ല.
ഡിജിറ്റല്‍ ലോകത്ത് അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും വാചകത്തിനും പിന്നിലുള്ള ചരിതങ്ങള്‍ അനായാസമായി ലഭിക്കുന്നതിന് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് മറിച്ചുള്ളത് ദുര്‍വ്യയമാണ്.

കുറിപ്പിന്റെ മര്‍മത്തിലേക്ക് പ്രവേശിക്കാം. അഭയയെന്ന കന്യാസ്ത്രീയാണ് വിഷയം. 1992 മെയ് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ അവിടുത്തെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ ശവശരീരം കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സംസ്ഥാന പോലീസിന്റെ കുറ്റാന്വേഷണ വിഭാഗമായ ക്രൈം ബ്രാഞ്ചും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. ഇരു സംഘവും സ്വയം ഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. സാധാരണ കുടുംബത്തില്‍ നിന്ന് ദൈവ ദാസിയാകാന്‍ ആനയിക്കപ്പെടുന്ന നൂറുകണക്കിന് സഹോദരിമാരുടെ പൂര്‍വ ജീവിത പശ്ചാത്തലം വിലയിരുത്തി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ എല്ലാം അവസാനിക്കേണ്ട ഒരു സംഭവമായിരുന്നു അത്. ദൈവ വഴിയില്‍ അല്‍പ്പ ദൂരമെങ്കിലും സഞ്ചരിക്കാന്‍ ഒരു ദരിദ്ര സഹോദരിക്ക് ഭാഗ്യം ലഭിച്ചില്ലേയെന്ന് ആശ്വസിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ക്കെങ്കിലും അഭയ മരണത്തിലൂടെ അവസരം നല്‍കി. പതിനഞ്ചാം വയസ്സില്‍ ദൈവ വിളി കേട്ട് സന്യസ്തയാകാന്‍ പുറപ്പെടുന്ന സാധാരണ സ്ത്രീയുടെ ചാപല്യമായി ഇത് വിലയിരുത്താനും വളരെ എളുപ്പമായിരുന്നു. ദൈവാര്‍പ്പണ ബോധമില്ലായ്മയും നിരാശയും കലര്‍ത്തി മനോ വിഭ്രാന്തിയെന്ന ചിത്താവസ്ഥയിലേക്ക് ഈ സംഭവത്തെ വലിച്ചിഴക്കാനും കഠിന യത്‌നത്തിന്റെ ആവശ്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. എത്രയൊക്കെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും വീണ്ടും തലയുയര്‍ത്തി വരുന്ന പുല്‍നാമ്പുകളെയോ നീരുറവകളെയോ പോലെ പൊട്ടിമുളക്കുകയോ പുറപ്പെടുകയോ ചെയ്യുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഉണ്ടാകുമല്ലോ. അതിവിടെ രൂപപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ദൈവത്തിന്റെ ഹിതമെന്നൊക്കെ ആശ്വസിക്കാവുന്ന ഒരു അദൃശ്യ ശക്തിയാകാമത്.

കോണ്‍വെന്റില്‍ അടുക്കള മുറിയിലെ ശീതീകരണിക്ക് സമീപം അവശേഷിച്ച പാദുകവും കിണറ്റിന്‍ കരയിലെ മണ്ണില്‍ മറഞ്ഞുനിന്ന ചില ശേഷിപ്പുകളും നീണ്ട യുദ്ധത്തിന് ബലം നല്‍കിയ അനുബന്ധ ഘടകങ്ങളായിരുന്നു.
ജോമോന്‍ പുത്തന്‍പുരയ്ക്കലെന്ന ഒറ്റയാനും ചില സഹായികളും അഭയയെന്ന അബലയുടെ ജീവ തിരോധാനത്തിന്റെ ഹേതു തേടി പുറപ്പെടുന്നതും ഇതോട് ചേര്‍ത്തുവായിക്കണം. സഭയെന്ന മതാധികാര ശൃംഖല സ്വരൂപിച്ച സ്വാധീനവും സമ്പത്തും തീവ്രമായി ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകാത്ത ശക്തിയായി ഒരു പ്രതിരോധം രൂപപ്പെട്ടു എന്നതാണ് വസ്തുത.

അഭയ കൊല്ലപ്പെട്ട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതിയില്‍ ആക്്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിയോടെയാണ് അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കൈകളില്‍ എത്തുന്നത്. രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയെ സംശയത്തിന്റെ നിഴലിലാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി വര്‍ഗീസ് പി തോമസ് ജോലി രാജിവെക്കുകയാണുണ്ടായത്. ഒരര്‍ഥത്തില്‍ കേരളീയ സമൂഹത്തിന് അന്വേഷണാനുബന്ധ നാടകങ്ങളുടെ കാപട്യം ബോധ്യമായ അവസരം കൂടിയായിരുന്നു അദ്ദേഹത്തിന്റെ അനവസരത്തിലുള്ള കര്‍ത്തവ്യ വിരാമം. വര്‍ഗീസ് തോമസിന് മുകളില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സി ബി ഐ സൂപ്രണ്ട് വി ത്യാഗരാജനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ വലിയ രാഷ്ട്രീയ ഇടപെടല്‍ വേണ്ടിവന്നു എന്നതും അന്നേ രഹസ്യമായിരുന്നില്ല.
സി ബി ഐ ഉന്നതന്റെ സ്ഥാനചലനം അഭയ കേസിന്റെ വഴിത്തിരിവുകളില്‍ പ്രധാനപ്പെട്ടതാണ്. 1996 ഡിസംബര്‍ ആറിന് അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ കണ്ടെത്താനാകുന്നില്ല എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് സി ബി ഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട അഭയയുടെ പിതാവിന്റെ ഹരജി പരിഗണിച്ച കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ പ്രസ്തുത സംഘവും പഴയ റിപ്പോര്‍ട്ട് ആവര്‍ത്തിക്കുകയും കേസ് അവസാനിപ്പിക്കാന്‍ കോടതിയോട് ആവശ്യപ്പെടുകയുമാണുണ്ടായത്.

പിന്നീട് രംഗത്തുവന്ന അന്വേഷണ സംഘം ആരോപണ വിധേയരായവരെ നുണ പരിശോധനക്ക് വിട്ടു. 2007 ഡിസംബറില്‍ സി ബി ഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി ബി ഐ കൊച്ചി യൂനിറ്റ് ഡി വൈ എസ് പി നന്ദകുമാര്‍ നായര്‍ ചുമതലയേറ്റെടുക്കുകയും പുരോഹിതരായ തോമസ് എം കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്യുകയും ചെയ്തു. 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാങ്കേതിക പിഴവുകളുടെ പിന്‍ബലത്തില്‍ രണ്ടാം പ്രതി ഫാദര്‍ ജോസ് പ്രതിപ്പട്ടികയില്‍ നിന്ന് വിടുതല്‍ നേടുന്നതിനും ഇതിനകം സമൂഹത്തിന് സാക്ഷിയാകേണ്ടി വന്നു.
2019 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം സി ബി ഐ കോടതി പ്രതികള്‍ക്കായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 49 സാക്ഷികളെ വിചാരണക്ക് വിധേയരാക്കിയവരില്‍ എട്ട് പേര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി. ഇവരിലധികവും പുരോഹിതരോ സന്യസ്തകളോ ആയിരുന്നു എന്നതും ഈ കേസിന്റെ സവിശേഷതയാണ്.

കേസിന്റെ നാള്‍ വഴിയിലൂടെയുള്ള ചെറു സഞ്ചാരമാണ് മുകളില്‍ ചേര്‍ത്തത്. ഈ കുറ്റകൃത്യത്തെ പിന്തുടരുന്നവര്‍ക്ക് അറിവുള്ളതെങ്കിലും മൂന്ന് പതിറ്റാണ്ടിലേക്ക് ദീര്‍ഘിച്ച കേസ് പുതുതലമുറക്ക് ഗ്രഹിക്കാനാണ് ഇത്രയും കുറിച്ചത്.
കൃത്യമായി പറഞ്ഞാല്‍ 8,245 ദിവസങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ വിധി പുറത്തുവന്നിരിക്കുന്നു. ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തല്‍. ശിക്ഷാ വിധി ഇന്നാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി ഇവരാണ് പ്രതികള്‍. ഇരുവരും ജയിലുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശിക്ഷാ വിധിയെന്തായാലും ഇരുവരും കുറ്റക്കാരെന്ന് സുവ്യക്തമായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. സാക്ഷിമൊഴികളുടെ പിന്‍ബലമല്ല കോടതിയുടെ കണ്ടെത്തലിന് കാരണമായത്. ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ട സാഹചര്യത്തെളിവുകള്‍ കോടതിക്ക് തുണയായി.
അഭയ കേസിനെ തുടര്‍ന്ന് പുറത്തു വന്ന കഥയുടെ ഏടുകളില്‍ നിന്ന് ചികഞ്ഞെടുത്ത വസ്തുതകള്‍ നിരവധി മലയാള ചലച്ചിത്രങ്ങളുടെ പ്രമേയമായി മാറിയിട്ടുണ്ട്. അതില്‍ കൗതുകമുള്ള ഒരു ഖണ്ഡം അടയ്ക്ക രാജുവിന്റേതാണ്. കേസിലെ സാക്ഷിയാണ് തെള്ളകം സ്വദേശിയായ രാജു. അയാള്‍ ഒരു മോഷ്ടാവാണ്. അദ്ദേഹമാണ് ദൃക്‌സാക്ഷിയായി കേസില്‍ പരിഗണിക്കപ്പെട്ടത്. മോഷണത്തിനായി പുലര്‍ച്ചയോടെ കോണ്‍വെന്റ് വളപ്പിലെത്തിയ രാജു മൂവര്‍ സംഘം ഒരു യുവതിയെ കിണറ്റില്‍ എറിയുന്നതിന് സാക്ഷിയായി. പൊതു സമൂഹത്തില്‍ നിന്ന് അവഹേളനവും പോലീസില്‍ നിന്ന് ക്രൂര പീഡനവും അതിജീവിച്ച് കേസിന്റെ അവസാന വിചാരണ വരെ രാജു അചഞ്ചലനായ യഥാര്‍ഥ സാക്ഷിയായി കോടതിയില്‍ നിന്നു. അഭയ എന്ന കന്യാസ്ത്രീ കൊല്ലപ്പെട്ടതാണെന്ന് നീതിപീഠത്തെയും തന്നെ അപമാനിച്ച മുഖ്യധാരാ സമൂഹത്തെയും ബോധ്യപ്പെടുത്താനായി ആ മനുഷ്യന്‍ ഇന്നും ജീവനോടെ ഇരിക്കുന്നു എന്ന് അത്ഭുതത്തോടെ സങ്കല്‍പ്പിക്കാം. വൈദികരും കന്യാസ്ത്രീകളുമടക്കം നിരവധി പേര്‍ സാക്ഷികളാക്കപ്പെടുകയും ഇവരെല്ലാം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുകയും ചെയ്ത കേസില്‍ രാജുവിനെ അയ്യപ്പപ്പണിക്കര്‍ കവിതയിലെ വരികള്‍ പോലെ നിരൂപിക്കാം…”വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ നിങ്ങള്‍” എന്നത് പോലെ രാജുവിന് സങ്കടപ്പെടാം, സമൂഹത്തിനും. വിധി വന്ന ശേഷമുള്ള മാധ്യമ ചര്‍ച്ചകളില്‍ നിരവധി പേര്‍ ചോദിച്ച ചോദ്യങ്ങളിലൊന്ന് രാജുവുമായി ബന്ധപ്പെട്ടതാണ്. ഒരു കള്ളന്‍ സൂക്ഷിക്കുന്ന നീതിബോധമെങ്കിലും പുലര്‍ത്താന്‍ ദൈവ ദാസന്മാരോ കര്‍ത്താവിന്റെ മണവാട്ടിമാരോ എന്തുകൊണ്ട് തയ്യാറായില്ലെന്ന സംശയമായിരുന്നു ആ സന്ദേഹം.
സഭക്ക് വേണ്ടി പ്രതികളുടെ വക്കാലത്തെടുത്ത് ഇപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുണ്ടെന്നതും സാമാന്യ നീതിബോധത്തെ ഞെട്ടിപ്പിക്കുന്നതാണ്. സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന പതിവ് വാദം ആവര്‍ത്തിക്കുകയാണ് ഇന്നും.

പാര്‍ട്ടികളും സഭയും തങ്ങളുടെ അനുയായികളോ മേധാവികളോ അധാര്‍മികതയുടെ കലണ്ടര്‍ അക്കങ്ങളായി മാറുമ്പോള്‍ അവരെ വെള്ളപൂശിയെടുക്കാന്‍ കണ്ടെത്തുന്ന വഴികളാണ് ഗൂഢാലോചനാ ആരോപണം. സഭ നേരിടുന്ന പ്രഥമമോ അതി സങ്കീര്‍ണമോ ആയ പ്രതിസന്ധിയൊന്നുമല്ല അഭയ കേസ്. അഭയക്ക് ശേഷവും സമാനമായ കൊലപാതക ആരോപണങ്ങള്‍ സഭക്ക് നേരേ വന്നിട്ടുണ്ട്. മേല്‍പ്പറഞ്ഞ പ്രത്യാരോപണത്തിന് പുറത്തേക്ക് മറ്റൊന്നും ഉന്നയിക്കാന്‍ സഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസില്‍ വിചാരണ നേരിടുകയാണ്. കോട്ടയത്തെ ഒരു കോടതിയില്‍ ഇന്‍ക്യാമറ വിചാരണ നടക്കുന്നു. കൊല്ലപ്പെട്ടില്ലെങ്കിലും സമാനമായ വ്യക്തിഹത്യ സഭാ വിശ്വാസികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന സന്യസ്ത ഒരു ഇരയാണെന്ന് കത്തോലിക്ക ആസ്ഥാനമായ വത്തിക്കാന് പോലും ഇന്നോളം കരുതാനായിട്ടില്ല. അധികം വൈകാതെ ആ വിധിയും വരും. അന്നും ഇതേ ന്യായീകരണ വിദഗ്ധരെ അണിനിരത്തി സഭക്ക് തലയൂരാനാകുമോ?

സിസ്റ്റര്‍ ലൂസി കളപ്പുരയെന്ന സന്യസ്തയുടെ പോരാട്ടം തുടരുകയാണ്. സഭ അന്ധമാകുകയാണോ? ദാരിദ്ര്യ വൃതവും സത്യവും ജീവിത ചര്യയായി സ്വീകരിക്കേണ്ട സഭകള്‍ എന്തുകൊണ്ടാണ് പുഴുക്കളായ സാധാരണ മനുഷ്യരുടെ രക്ഷക്കെത്താത്തതെന്ന സംശയം ഉയര്‍ന്നിട്ട് നൂറ്റാണ്ടുകളായി. ലോക പ്രവാചകരില്‍ ഒരാളെന്ന് പരിഗണിക്കപ്പെടുന്ന വിശുദ്ധ യേശുവിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സദ് വാര്‍ത്തകള്‍ കേള്‍ക്കുന്നില്ലേയെന്ന് പരിതപിക്കുകയല്ലാതെ മറ്റു വഴികളൊന്നും മുന്നിലില്ല.

(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍)