National
പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായില്ല; സോണിയ തുടരും

ന്യൂഡല്‍ഹി | ഒരു പുതിയ പാര്‍ട്ടി അധ്യക്ഷനുവേണ്ടിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒന്നര വര്‍ഷം കഴിഞ്ഞ കാത്തിരിപ്പ് തുടരും. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി അറിയിച്ചു. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്ഥാനത്ത് തുടരാന്‍ നേതാക്കള്‍ സോണിയയെ നിര്‍ബന്ധിക്കുകയായിരുന്നു.
എ ഐ സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസിന്റെ പ്രത്യേക യോഗത്തിലും രാഹുല്‍ ഗാന്ധി നിലപാട് ആവര്‍ത്തിച്ചു. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിലപാട് മാറ്റാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സോണിയ ഗാന്ധി തന്നെ താത്കാലിക അധ്യക്ഷയായി തുടരാന്‍ യോഗത്തില്‍ തീരുമാനിച്ചു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും യോഗം ചര്‍ച്ച ചെയ്തു. കേരളത്തിലെ ദയനീയ തോല്‍വിയും ചര്‍ച്ചയായി. കേരളത്തില്‍ ശക്തമായ ഒരു നേതൃത്വം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. പുതിയ നേതൃത്വം വരുന്നതിനൊപ്പം രാജ്യത്ത് പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള സംഘടനാ പ്രവര്‍ത്തനവും ശക്തമാക്കണം. അടിത്തറ ശക്തിപ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് ഇനിയും തിരിച്ചുവരാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
സോണിയയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ അശോക് ഗഹ്ലോട്ട്, ഗുലാബ് നബി ആസാദ്, ആനന്ദ് ശര്‍മ, ബി എസ് ഹൂഡ, അംബിക സോണി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.