Connect with us

Kerala

മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; മെട്രോയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്നായിരുന്നു വിവരം. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ റെയില്‍ വഴിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളില്‍ പ്രതികള്‍ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല.

പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വ്യക്തതയുള്ള ദൃശ്യങ്ങള്‍ക്കായാണ് മെട്രോയിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നത്.

നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കളമശേരി പൊലീസ് സ്വമേധയാ കേസെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി 7.10 ഓടെയാണ് എറണാകുളം നഗരത്തിലെ പ്രമുഖ മാളില്‍ കുടുംബത്തിനൊപ്പം ഷോപ്പിംഗിനെത്തിയ നടിയെ യുവാവ് കടന്നു പിടിക്കുകയും സുഹൃത്തിനൊപ്പം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തത്.