Connect with us

Editorial

കോടതിയും പറയുന്നു; പിടിവാശി വെടിയണം

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകര്‍ ഉയര്‍ത്തുന്നത് ന്യായമായ മുദ്രാവാക്യമാണെന്ന് രാജ്യത്തെ നേര്‍ബുദ്ധിയുള്ള മുഴുവന്‍ മനുഷ്യരും വിശ്വസിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ദുരഭിമാനം വിടാന്‍ തയ്യാറാകുന്നില്ല. രാജ്യത്തെ ഊട്ടിയവര്‍ കൊടും തണുപ്പത്ത് തെരുവില്‍ കിടക്കുകയാണ്. ഉള്ളില്‍ അണയാത്ത പോരാട്ടക്കനല്‍ ഉള്ളത് കൊണ്ടാണ് ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവരടക്കം ആയിരങ്ങള്‍ സമരമുഖത്ത് നിലയുറപ്പിക്കുന്നത്. അവരെ നേരിടാന്‍ സര്‍ക്കാര്‍ എന്തൊക്കെ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്? സായുധസജ്ജരായി എത്രമാത്രം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്? സമരം പൊളിക്കാന്‍ ബഹുമുഖ തന്ത്രങ്ങളാണ് സര്‍ക്കാറും ഭരണകക്ഷിയായ ബി ജെ പിയും ഒരുക്കുന്നത്. അവയില്‍ ഒന്നായി മാത്രമേ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ കാണാനാകൂ. കര്‍ഷക സമരം മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും അതുകൊണ്ട് സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും കാണിച്ചാണ് ഹരജികള്‍. ഈ ഹരജി പരിഗണിക്കവേ ഇന്നലെയും കഴിഞ്ഞ ദിവസവുമായി സുപ്രീം കോടതി ബഞ്ച് നടത്തിയ നിരീക്ഷണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ച് എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാത്തതെന്നും ചോദിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച ഒരുക്കുന്നത് വരെ ഈ വിവാദ നിയമങ്ങള്‍ നടപ്പാക്കാതിരുന്നു കൂടേ എന്നും ബഞ്ച് ആരാഞ്ഞു. എന്നാല്‍ അത് സാധ്യമല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. എന്തുകൊണ്ട് എന്ന് ബഞ്ച് ചോദിച്ചപ്പോള്‍ സര്‍ക്കാറിനോട് ചോദിച്ച് പറയാമെന്നായി മേത്ത. കര്‍ഷകര്‍ വഴി തടയുന്നുവെന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണെന്നും അവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ വഴിയടക്കുന്നത് സര്‍ക്കാറാണെന്നും പഞ്ചാബിന് വേണ്ടി ഹാജരായ പി ചിദംബരം പറഞ്ഞു. അതാണ് സത്യം. പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാകാതിരിക്കുകയും അടിച്ചമര്‍ത്തല്‍ സന്നാഹമൊരുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ മുന്നോട്ടുള്ള വഴി തെളിയും?

കര്‍ഷകരുമായി പല വട്ടം ചര്‍ച്ച നടത്തി, അവര്‍ വഴങ്ങുന്നില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ആഭ്യന്തര മന്ത്രി അമിത് ഷായുമൊക്കെ പറയുന്നത്. താങ്ങുവില ഉറപ്പാക്കും, അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റുകള്‍ (മണ്ഡികള്‍) നിര്‍ത്തലാക്കില്ല, ഇടനിലക്കാരുടെ ചൂഷണം തടയാന്‍ പ്രത്യേക പരിരക്ഷ കൊണ്ടുവരും എന്നൊക്കെയാണ് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. അത് വിശ്വാസത്തിലെടുക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല. ഇങ്ങനെയൊക്കെ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാറിന് കാര്യങ്ങള്‍ ബോധ്യപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നിയമം പിന്‍വലിച്ചു കൂടാ എന്നാണ് കര്‍ഷക നേതാക്കള്‍ ചോദിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റൊരു പോംവഴി നിര്‍ദേശിക്കുന്നുണ്ട്. പാര്‍ലിമെന്റ് സമ്മേളനം വിളിക്കൂ, കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാം. ആവശ്യമായ ഭേദഗതികള്‍ വരുത്താം. ഈ നിര്‍ദേശവും മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല. ശൈത്യകാല സമ്മേളനം ഉപേക്ഷിക്കുകയാണെന്ന മറുപടിയാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി നല്‍കിയത്. കൊവിഡ് വ്യാപനം ഭയന്നാണത്രെ ഈ തീരുമാനം. സത്യത്തില്‍ കര്‍ഷകരെ ഭിന്നിപ്പിച്ച് സമരം പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് സര്‍ക്കാര്‍. ചര്‍ച്ച പോലും ഇതിനുള്ള ആയുധമാക്കുന്നു. കര്‍ഷക നേതാക്കള്‍ തന്നെ വന്നു കണ്ട് നിയമത്തിന് പിന്തുണ അറിയിച്ചുവെന്ന് തോമര്‍ പറയുന്നു. അദ്ദേഹത്തെ കണ്ടത് കര്‍ഷകരല്ല, രാഷ്ട്രീയക്കാരാണെന്ന് സമരക്കാര്‍ തിരുത്തുന്നു. സമരക്കാര്‍ക്ക് തീവ്രവാദ മുദ്ര ചാര്‍ത്താനുള്ള തിരക്കിലാണ് മറ്റു കേന്ദ്ര മന്ത്രിമാര്‍. രവിശങ്കര്‍ പ്രസാദ് കര്‍ഷകരെ വിശേഷിപ്പിച്ചത് തുക്‌ഡേ തുക്‌ഡേ ഗ്യാംഗ് എന്നാണ്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും സി എ എ പിന്‍വലിക്കണമെന്നും പറഞ്ഞ ലെഫ്റ്റിസ്റ്റ് സംഘമാണ് സമരം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് തോമര്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ജാഫറാബാദ് വംശഹത്യ ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ പ്രഭാഷക രംഗത്ത് വന്നതു കൂടി ചേര്‍ത്ത് വായിക്കണം. ആര്‍ എസ് എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പോലും തള്ളിപ്പറയുന്ന കരിനിയമങ്ങള്‍ക്കായി ശാഠ്യം തുടരുമ്പോള്‍ ഒറ്റ അജന്‍ഡയേ കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ളൂ. സമരത്തിന് മുന്നില്‍ മുട്ടുമടക്കരുത്. ഇപ്പോള്‍ വഴങ്ങിയാല്‍ മറ്റ് വിഷയങ്ങളില്‍ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരും. രാഷ്ട്രീയമായി ജനങ്ങള്‍ ബോധവാന്‍മാരാകും. തീവ്ര ഹിന്ദുത്വ വിഷയങ്ങള്‍ വലിച്ചിട്ട് രാഷ്ട്രീയ വിജയം ആവര്‍ത്തിക്കുകയെന്ന പതിവ് നടക്കാതാകും. അതിനേക്കാളുപരി കോര്‍പറേറ്റുകള്‍ക്ക് കൊടുത്ത ഉറപ്പ് പാലിക്കാന്‍ പറ്റാതാകും. ഇതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലൈന്‍. അതുകൊണ്ടാണ് സര്‍ക്കാറിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞത്. ചര്‍ച്ചകള്‍ക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ആ സമിതിയില്‍ കര്‍ഷക പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും നിയമവിദഗ്ധരും ഉണ്ടാകുമെന്നും ബഞ്ച് വ്യക്തമാക്കി.
കാര്‍ഷിക ഉത്പാദന വ്യാപാര വാണിജ്യ (പ്രോത്സാഹന) ബില്‍, പാട്ട കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന കര്‍ഷക വില സ്ഥിരതാ കാര്‍ഷിക സേവന കരാര്‍ ബില്‍, അവശ്യ സേവന നിയമ (ഭേദഗതി) ബില്‍ എന്നിവയാണല്ലോ വിവാദ ബില്ലുകള്‍.

കര്‍ഷകര്‍ക്ക് ഉത്പന്ന വിപണനത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പരിരക്ഷ അസ്തമിക്കുകയും വില ചാഞ്ചാട്ടത്തിന് അവരെ വിട്ടുകൊടുക്കുകയുമാണ് ഈ നിയമങ്ങള്‍ ചെയ്യുന്നത്. പൊതു മാര്‍ക്കറ്റില്‍ നിന്ന് തത്കാലം വലിയ വില കിട്ടിയാലും പിന്നീട് അത് താഴും. എ പി എം സികള്‍ ഇല്ലാതാകുന്നതോടെ വന്‍കിടക്കാര്‍ക്ക് വില്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് വഴിയുണ്ടാകില്ല. ആത്യന്തികമായി ഇന്ത്യയിലെ പൊതുസംഭരണത്തിന്റെയും ഭക്ഷ്യ വിതരണ സംവിധാനത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്. സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചതു പോലെ, ഇതൊരു ദേശീയ വിഷയമായി പരിണമിക്കും. പരമോന്നത കോടതി മുന്നോട്ടു വെച്ച അവസരം വിനിയോഗിക്കാന്‍ ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. പിടിവാശി വെടിയണം.