Saudi Arabia
ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് ദമാം മീഡിയ ഫോറം ഡെസര്‍ട്ട് ക്യാമ്പ്

ദമാം | ദമാം മീഡിയ ഫോറം അംഗങ്ങള്‍ക്കായി ഡെസര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു. അംഗങ്ങള്‍ തമ്മില്‍ പരസ്പരം കൂടുതല്‍ അടുത്തറിയാനും അനുഭവങ്ങള്‍ പങ്ക് വെക്കാനും സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി സംഘടിപ്പിച്ച ക്യാമ്പ് അവിസ്മരണീയ അനുഭവമായി മാറുകയായിരുന്നു. എല്ലാ ഔദ്യോഗികതകളും ഒഴിവാക്കി ഒരു രാത്രി മുഴുവന്‍ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നത് മീഡിയ ഫോറം ചരിത്രത്തിലെ അദ്യാനുഭവമായിരുന്നു.
പ്രവാസ ജീവിതത്തിലേക്കുള്ള ഓരോരുത്തരുടേയും കടന്ന് വരവും ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓരോരുത്തരും അനുഭവിച്ച യാതനകളും വേദനകളും പ്രവാസാനുഭവങ്ങളായി പങ്ക് വച്ചത് ഒത്തുചേരലിലെ മനസ്സ് നുറുങ്ങുന്ന രംഗങ്ങള്‍ക്ക് വേദിയാക്കി. അനുഭവങ്ങള്‍ പങ്ക് വച്ചും ഒരു രാത്രി ഫോറം അംഗങ്ങള്‍ ആസ്വാദ്യകരമാക്കി.
ക്യാമ്പിലെ കലാപ്രകടനങ്ങള്‍ക്ക് മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, ചെറിയാന്‍ കിടങ്ങന്നൂര്‍ എന്നിവരും കായിക പ്രകടനങ്ങള്‍ക്ക് നൗഷാദ് ഇരിക്കൂര്‍,ലുഖുമാന്‍ വിളത്തൂര്‍,മുഹമ്മദ് റഫീഖ് ചെമ്പോത്തറ എന്നിവരും നേതൃത്വം നല്‍കി.
എല്ലാ തിരക്കുകള്‍ക്കിടയിലും ഇത്തരത്തിലുള്ള ഒരുമിച്ച് ചേരലുകള്‍ മനസ്സുകളേയും ശരീരങ്ങളേയും കൂടുതല്‍ ഊര്‍ജ്ജസുറ്റതാക്കുമെന്നും അത്തരം ഗുണകരമായ ഊര്‍ജ്ജം ബന്ധങ്ങളെ ഊഷ്മളമാക്കാനും സ്വയം ഉന്മേഷവാന്മാരായി മാറാനും ഇടവരുത്തുമെന്നും ക്യാമ്പ് അവലോകത്തില്‍ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ചൂണ്ടിക്കാട്ടി. സുധീര്‍ ആലുവ ക്യാമ്പ് കാഴ്ച്ചകളെ ക്യാമറയില്‍ പകര്‍ത്തി. സാജിദ് ആറാട്ടുപുഴ, സിറാജുദീന്‍ വെഞ്ഞാറമൂട്, പി.ടി അലവി, അഷ് റഫ് ആളത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.