Connect with us

Articles

പാതിവഴിയിലാണ് പ്രക്ഷോഭങ്ങള്‍

Published

|

Last Updated

സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും തീഷ്ണമായ ഒരു പ്രക്ഷോഭത്തിന്റെ വാര്‍ഷികം വന്നുചേര്‍ന്നിരിക്കുന്നു. പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ ഭാരതത്തിന്റെ ഭരണഘടന അത്യധികം അപകടപ്പെട്ട പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു. ഒപ്പം, ദശാബ്ധങ്ങളായി അരികുവത്കരിക്കപ്പെടുകയോ അപരവത്കരിക്കപ്പെടുകയോ ചെയ്ത മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം ശക്തമായി അടയാളപ്പെടുത്തിയ ചരിത്ര സന്ദര്‍ഭം കൂടിയായി.

ഭാരതത്തിന്റെ ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്ന് വിളംബരപ്പെടുത്തുന്ന നിയമനിര്‍മാണമെന്ന നിലക്കാണ് രണ്ടാം മോദി സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തെ കാണേണ്ടത്. മനുസ്മൃതിയാണ് ഭാരതത്തിന്റെ ഭരണഘടനയാക്കേണ്ടത് എന്ന വാദം ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുനടക്കുന്നുണ്ട്. ഏകശിലാത്മകവും ഏകാധിപത്യപരവുമായ ഒരു സാമൂഹിക- രാഷ്ട്രീയ ക്രമം ജനാധിപത്യ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടുതന്നെ സ്ഥാപിക്കുകയാണ് സംഘ്പരിവാരം ചെയ്യുന്നത്. അതായത് നിയമനിര്‍മാണ സഭകളില്‍ ഉള്ള അസാമാന്യ മേധാവിത്വം ഉപയോഗപ്പെടുത്തി തരാതരം നിയമങ്ങള്‍ ചുട്ടെടുത്ത് രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെ മാന്തിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
നിയമനിര്‍മാണ സഭകളിലെ ആള്‍ബലത്തോടൊപ്പം, ഏത് സംസ്ഥാന സര്‍ക്കാറുകളെയും അസ്ഥിരമാക്കാനുള്ള പണവും കൈക്കും മാധ്യമങ്ങളുടെ ഒത്താശയും എല്ലാമുണ്ടായിട്ടും കേന്ദ്രത്തിന് ചുവട് പിഴച്ചുവെന്ന് ഉറപ്പിക്കുമാറ് തെരുവുകള്‍ സമരമുഖരിതമായിത്തീര്‍ന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കാന്‍ പോകുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങി രാജ്യത്തെ കലാലയങ്ങളില്‍ നിന്ന് സമീപ കാലത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. വലിയ നഗരങ്ങളിലെ പൗര സമൂഹങ്ങള്‍ പൊതു ഇടങ്ങള്‍ കൈയടക്കി. ഒരു ഭാഗത്ത് മുസ്‌ലിം കൂടുതല്‍ അപരവത്കരിക്കപ്പെട്ടപ്പോഴും മറ്റൊരിടത്ത് ഹിന്ദു-മുസ്‌ലിം-സിഖ് സാമുദായിക സൗഹാര്‍ദം ശക്തികൊള്ളുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം പുറത്താക്കലിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് രാജ്യാന്തര തലത്തില്‍ ഏറെ വിമര്‍ശനങ്ങളുണ്ടായി. അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങളിലെ പ്രതിനിധി സഭകള്‍ ഇതിനോടകം ഈ നിയമത്തെ അപലപിച്ചുകൊണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ആശങ്കപ്പെട്ടു. അപ്പോഴെല്ലാം ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുനിന്നു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമര നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുന്നതിനെതിരെയും വലിയ പ്രതിഷേധങ്ങളാണുണ്ടായത്. രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കൊവിഡ് മഹാമാരിയുടെ കെടുതികള്‍ക്കിടയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു. ലോക്ക്ഡൗണിനിടയില്‍ സമരങ്ങള്‍ ഒഴിപ്പിക്കപ്പെട്ടു. അങ്ങനെ മഹാമാരിക്കാലം ഒരു മഹാ പ്രക്ഷോഭത്തെ തണുപ്പിച്ചു കളഞ്ഞു.

സി എ എ ഭരണകൂട വംശഹത്യയുടെ ആദ്യ പടിയാണെന്ന് ലോക ചരിത്രത്തിലെ സമാനമായ സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദീകരിക്കപ്പെട്ടിരുന്നു. മ്യാന്മറിലെ റോഹിംഗ്യന്‍ പ്രതിസന്ധിയുടെ അടിസ്ഥാനം സമാനമായ നിയമനിര്‍മാണമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജൂതര്‍ക്കെതിരെയും പൗരത്വ നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ചിലതില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാമെന്ന് അനുശാസിക്കുന്ന നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കുന്നതല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ എന്‍ ആര്‍ സിയും എന്‍ പി ആറും ആരെയൊക്കെ പുറത്താക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് അസമിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് റാലികളില്‍ അമിത് ഷാ ബി ജെ പി അണികളെ ആവേശം കൊള്ളിച്ച് കൊണ്ടവതരിപ്പിച്ച “ക്രൊണോളജി” പ്രസംഗം പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും ഒടുവില്‍ പൗരത്വ നിയമവും എങ്ങനെയാണ് പുറത്താക്കപ്പെടേണ്ടവരെ പുറത്താക്കാന്‍ പോകുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നതായിരുന്നല്ലോ. എന്‍ ആര്‍ സി സംബന്ധിച്ചും, പൗരത്വം നഷ്ടമാകുന്നവരെ പാര്‍പ്പിക്കാന്‍ വേണ്ടി തയ്യാറാക്കപ്പെടുന്ന തടങ്കല്‍പ്പാളയങ്ങളെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
മുസ്‌ലിംകള്‍ക്കിടയിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്ന മുത്വലാഖ് നിയമവും കശ്മീര്‍ ജനതയെ മുഴുവന്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും തള്ളിവിട്ട നടപടിയും എതിര്‍ക്കപ്പെടാതിരുന്നതുപോലെ സി എ എയും അവഗണിച്ചാല്‍ രാഷ്ട്രത്തിന്റെ ബഹുസ്വര സങ്കല്‍പ്പങ്ങള്‍ ആകമാനം തകരുകയും ഈ രാജ്യം എന്നെന്നേക്കുമായി കൈമോശം സംഭവിക്കുകയും ചെയ്യുമെന്ന തിരിച്ചറിവാണ് കഴിഞ്ഞ വര്‍ഷത്തെ ഡിസംബറില്‍ രാജ്യത്താകമാനം കണ്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സി എ എ എതിര്‍ക്കപ്പെടാനുണ്ടായ കാരണമായിരുന്നില്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് ഉണ്ടായിരുന്നത്. അതുപോലെ സമര രീതികള്‍ക്കുമുണ്ടായിരുന്നു വ്യത്യാസം. അസമില്‍ പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമായി. എന്നാല്‍ മറ്റിടങ്ങളില്‍ സമരങ്ങളും സമ്മേളനങ്ങളും സമാധാനപരമായിരുന്നു. എന്നിട്ടും ബി ജെ പി സര്‍ക്കാറുകള്‍ക്ക് ക്രമസമാധാന ചുമതലയുള്ള ഇടങ്ങളിലെല്ലാം സമരക്കാര്‍ക്ക് നേരേ പോലീസ് കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. പലയിടങ്ങളിലും നിരപരാധികളെ പോലീസ് വെടിവെച്ചു കൊന്നു. ഒട്ടുമിക്ക സ്ഥലങ്ങളിലും പോലീസ് സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കൊപ്പമാണ് സമരക്കാരെ നേരിട്ടത്.

2019 ഡിസംബര്‍ ഒമ്പതിന് പൗരത്വ ഭേദഗതി നിയമം ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ജാമിഅയിലേത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സ്വതന്ത്ര ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിക്കാലത്ത് ഏറ്റവും സമരോത്സുകമായി നിലയുറപ്പിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളില്‍ നിന്ന് സമര ജാഥകള്‍ നയിക്കപ്പെട്ടു. ഡിസംബര്‍ പതിമൂന്നിന് വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ചിനെ ഡല്‍ഹി പോലീസ് മൃഗീയമായി അടിച്ചമര്‍ത്തി. പതിനഞ്ചിന് രാത്രി ഡല്‍ഹി പോലീസ് അക്ഷരാര്‍ഥത്തില്‍ പൈശാചികമായി മാറി. ആ രാത്രി മുതല്‍ ശഹീന്‍ ബാഗില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കുത്തിയിരുപ്പ് സമരവും ആരംഭിച്ചു. ഇന്ത്യാ ചരിത്രത്തില്‍ 2019 ഡിസംബര്‍ അങ്ങനെ ഏറ്റവും വിശേഷമായ സമരത്തിന്റെ അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്തു.

പക്ഷേ, നേരത്തേ പറഞ്ഞതു പോലെ കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയില്‍ ഈ സമരം പ്രസക്തി നഷ്ടപ്പെട്ടതുപോലെയായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ആദ്യം മുതലേ നിഴലിച്ച ആശങ്കകള്‍ കൂടുതല്‍ തെളിഞ്ഞു വന്നു. അതിനിടക്ക് ഫെബ്രുവരി അവസാനം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ കെടുതികള്‍ കൂടുതല്‍ ദയനീയമാകുന്നുണ്ടായിരുന്നു. അപ്പോഴും സമര നേതാക്കളെ ഡല്‍ഹി പോലീസ് വേട്ടയാടിക്കൊണ്ടിരുന്നു. യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് അതില്‍ പലരും ഇപ്പോഴും കാരാഗൃഹങ്ങളില്‍ കഴിയുന്നു. അവരുടെ ത്യാഗങ്ങള്‍ വെറുതെയാകില്ലെന്ന് ആവര്‍ത്തിക്കപ്പെടുമ്പോഴും ഇനി ഒരു സമര സംഘാടനം എങ്ങനെ സാധ്യമാകും എന്ന വെല്ലുവിളി ഒരു കാവ്യനീതി പോലെ ഈ ഡിസംബറിലും ആവര്‍ത്തിക്കുകയാണ്. പതിനെട്ട് ദിവസത്തിലേറെയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിലൂടെ മോദി സര്‍ക്കാറിനെതിരായ ജനരോഷം കത്തുകയാണ്.

ഇതേ സമയത്ത് തന്നെ അസമില്‍ പൗരത്വ ഭേദഗതി സമരം പുനരാരംഭിച്ചിരിക്കുന്നു. അവര്‍ പഴയതിനേക്കാള്‍ കൂടുതല്‍ കരുത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, പൗരത്വ ഭേദഗതി നിയമം വരുന്ന ജനുവരിയില്‍ നടപ്പാക്കുമെന്ന് ബി ജെ പി നേതാക്കളും പറയുന്നു. അങ്ങനെയെങ്കില്‍, പാതി വഴിയില്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായ സമരങ്ങള്‍ പുനഃസംഘടിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്യായമായി തടവില്‍ വെച്ചിരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇക്കഴിഞ്ഞ ലോക മനുഷ്യാവകാശ ദിനം കര്‍ഷക സമരക്കാര്‍ ആചരിച്ചത്. കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ സമരങ്ങള്‍ക്കൊപ്പം ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ പുനരാരംഭിക്കട്ടെ. ബോധപൂര്‍വമായ വംശഹത്യാ പദ്ധതിയെ ചെറുക്കാനും അപരവത്കരണത്തിന്റെ ഇരുട്ടുമറകളില്‍ നിന്ന് മോചിതരായി ശക്തമായ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ നിലപാടുയര്‍ത്താനും സാധിക്കട്ടെ.

Latest