Connect with us

National

കർഷക പ്രക്ഷോഭം: മൂന്ന് മണിക്കൂറിന് ശേഷം ഡല്‍ഹി- ജയ്പൂര്‍ ഹൈവേ ഭാഗികമായി തുറന്നു

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്ന് മണിക്കൂര്‍ അടച്ചിട്ടതിന് ശേഷം ഡല്‍ഹി- ജയ്പൂര്‍ ഹൈവേ ഭാഗികമായി തുറന്നു. രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയില്‍ ഷാജഹാന്‍പൂരില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിച്ചതിനെ തുടര്‍ന്നാണ് ഹൈവേ അടച്ചത്. ചില്ലയിലെ ഡല്‍ഹി- നോയ്ഡ അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ തടസ്സങ്ങള്‍ നീക്കിയതോടെ ഒരു ഹൈവേ തുറന്നിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് പുറപ്പെട്ട പതിനായിരക്കണക്കിന് കര്‍ഷകര്‍ ഹരിയാനയിലേക്ക് പ്രവേശിക്കാനുള്ള രിവാരി അതിര്‍ത്തിയില്‍ എത്തിയതോടെ ഡല്‍ഹി- ജയ്പൂര്‍ ഹൈവേയുടെ ഇരുഭാഗവും പോലീസ് അടക്കുകയായിരുന്നു. രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പോലീസിനെ കൂടാതെ സൈന്യത്തേയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്. എസ്ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്ര ചൗട്ടാല ഇന്നലെ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളില്‍ താങ്ങുവില്ക്കായി പ്രത്യേക നിയമം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു എന്നാണ് സൂചന. നാളെ സിംഗുവില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാന നഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

Latest