Connect with us

Kerala

സൗജന്യ വാക്‌സിന്‍ വിതരണ പ്രഖ്യാപനം കൊവിഡ് ചികിത്സയുടെ ഭാഗം: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പ്രഖ്യാപനം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വിജയരാഘവന്‍ പ്രതികരിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കൊവിഡ് വാക്സിനും കൊവിഡ് ചികിത്സയുടെ ഭാഗമാണ്. കൊവിഡ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വാക്സിന്‍ സംബന്ധിച്ച പ്രസ്താവനകള്‍ നടത്തുന്നത് സ്വാഭാവികമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചെന്ന യു ഡി എഫ് ആരോപണം ബാലിശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവന്ന പ്രശ്നങ്ങളും സംബന്ധിച്ച് ഇടതു മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലപാട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ അങ്ങിനെ ചെയ്യുന്നത് തെറ്റായ കാര്യമല്ല. ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ആളാണ് മുഖ്യമന്ത്രിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വ്യക്തമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി യു ഡി എഫ് മുന്നോട്ടു വരുന്നത്. ലൈഫ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളെ അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതിനും പിന്നിലും ഇതുതന്നെയാണ് കാരണം.നിരാശയില്‍ നിന്നുയരുന്ന ബാലിശമായ വാദങ്ങളായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.