Kerala
മുക്ക്പണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ സംഭവം; കൂട്ട്പ്രതിയായ ബേങ്ക് അപ്രൈസര്‍ മരിച്ച നിലയില്‍

കോഴിക്കോട് | പി എം താജ് റോഡിലെ യൂണിയന്‍ ബേങ്ക് ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടിയിലേറെ തട്ടിയ സംഭവത്തില്‍ കൂട്ട്പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിയന്‍ ബേങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന്‍ (70) നാണ് മരിച്ചത്.
പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രധാന പ്രതി ബിന്ദുവിന്റെ കൂട്ടുപ്രതിയാണ് ചന്ദ്രനെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയനാട് മണവയല്‍ അങ്ങാടിശേരി പുതിയേടത്ത് വീട്ടില്‍ കെ കെ ബിന്ദു (43) വിനെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരി മുതല്‍ ഒന്‍പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജ സ്വര്‍ണം ബേങ്കില്‍ പണയം വച്ചത്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്തായത്. അഞ്ചരക്കിലോ മുക്കുപണ്ടം പണയം വെച്ച് 1.69 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
നേരത്തെ ചിട്ടിതട്ടിപ്പുകേസിലും പ്രതിയായ ബിന്ദു ജാമ്യത്തിലിറങ്ങിയതായിരുന്നു. നടക്കാവ് ബിലാത്തികുളത്തെ വാടകഫ്‌ളാറ്റിലാണ് താമസിച്ചുവന്നിരുന്നത്. പിഎം താജ് റോഡില്‍ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിംഗ് യൂണിറ്റിലും ടൗണ്‍ പോലീസ് പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്ന് വ്യാജസ്വര്‍ണം പിടികൂടിയിരുന്നു.