National
നിലപാടിലുറച്ച് കര്‍ഷകര്‍; അമിത് ഷായുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളില്‍ ഒരു വിഭാഗവമുായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
കര്‍ഷക സംഘടനകളുടെ 13 നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ കര്‍ഷക സമരം ശക്തമായി തുടരും. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ആറാംഘട്ട ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതില്‍ കര്‍ഷക നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു