Kerala
സ്വപ്നക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി; റിമാന്‍ഡ് 22 വരെ നീട്ടി

കൊച്ചി | ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കണമെന്ന് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി. ജയില്‍ ഡി ജി പിക്കും സൂപ്രണ്ടിനുമാണ് കോടതി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഈ മാസം 22 വരെ സ്വപ്നയുടെ റിമാന്‍ഡ് കാലാവധി നീട്ടി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ സ്വപ്നയെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി.
ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് സ്വപ്ന കോടതിയില്‍ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടെന്നും കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ ബോധിപ്പിച്ചു.
തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്ന സമയത്താണ് തന്നെ ചിലര്‍ വന്ന് കണ്ടത്. നവംബര്‍ 25ന് മുമ്പ് പലതവണ തനിക്കെതിരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.