Connect with us

Kerala

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറഞ്ഞു; ന്യൂനമര്‍ദമായി മാറിയേക്കും

Published

|

Last Updated

തിരുവനന്തപുരം |  മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി പുതിയ റിപ്പോര്‍ട്ട്. കേരള തീരത്ത് എത്തി അറബിക്കടല്‍ ലക്ഷ്യമാക്കി പോകുന്ന കാറ്റിന്റെ ശക്തി ഇനിയും കുറയുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്ന് അര്‍ധരാത്രിക്കോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെക്കോ ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് തീവ്രന്യൂനമര്‍ദ്ദമായി മാറിയ ബുറെവി കേരളത്തിലേക്ക് എത്തുകയെന്നാണ് ഇപ്പോള്‍ കരുതുന്നത്. അതിനോടകം ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്.

കേരളത്തില്‍ പൊന്‍മുടി – വര്‍ക്കല -ആറ്റിങ്ങല്‍ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരപഥം ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയില്‍ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. എങ്കിലും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കേരളവും തമിഴ്‌നാടും സ്വീകരിച്ചിട്ടുണ്ട്.