Kerala
ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം | ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങിയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയിട്ടുള്ള ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തീവ്രത കുറഞ്ഞ് കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നതെന്നും ചില അവസരത്തില്‍ ഇത് 90 കിലോമീറ്റര്‍ വരെയാകുന്നുണ്ടെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ ആനപ്പാറയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ബുറേവി പൊന്മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണിത്. ചുഴലിക്കാറ്റ് തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.