Kerala
ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുന്നു; ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ്

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് കോടതിയോട് അഭ്യര്‍ഥിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് വാദം നടത്തിയത്. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയതെങ്കിലും അദ്ദേഹത്തിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്.
ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ നിരവധി തവണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്. അതിനാല്‍, ശിവശങ്കറിന്റെ വിദേശബന്ധങ്ങളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. വിദേശത്തും അന്വേഷണം നടത്തേണ്ടതുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍, അസുഖമുണ്ടെന്ന് അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന്റെ മൂന്ന് ഫോണുകളും ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.